ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Wednesday 16 April 2025 1:34 AM IST

വിഴിഞ്ഞം: വാതിൽ കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ നജുമുദ്ദീൻ (22), ഹാഷിം (23) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.വിഴിഞ്ഞം പുല്ലൂർകോണം മാസ്സ് മൻസിലിൽ ഷാഹുൽ അമീനിന്റെ വീട്ടിലെ വാതിൽ കുത്തിത്തുറന്ന് 51,600 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ12ന് രാത്രിയായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിലെ അലമാര, ബെഡ്, ടീപ്പോ,അടുക്കള ഭാഗത്തെ അലമാര എന്നിവിടങ്ങളിൽ നിന്നായി ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ലാപ്പ്ടോപ്പ്, സ്മാർട്ട് വാച്ചുകൾ, പവർ ബാങ്ക്, മൊബൈൽ ഫോണുകൾ, ഇയർബഡ്സ് എന്നിവയാണ് മോഷണം പോയത്. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപത്തെ നിർമ്മാണത്തിലിരുന്ന വീട് പെയിന്റ് ഒഴിച്ച് വൃത്തികേടാക്കിയതിലും നിരവധി മോഷണ കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ എം. പ്രശാന്ത്, എസ്.സി.പി.ഒ രാമു പി.വി. നായർ, സി.പി.ഒ റെജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.