ആറ്റിങ്ങലിൽ രണ്ട് കോടതികളിൽ ബോംബ് ഭീഷണി

Wednesday 16 April 2025 4:38 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ കോർട്ട് ക്ലോംപ്ലക്സിലെ ഫാമിലി കോർട്ടിലും തൊട്ടടുത്ത എം.എ.സി.ടി കോടതിയിലും ബോംബ് ഭീഷണി. മെയിൽവഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. രണ്ട് കോടതികളിലും ഉച്ചകഴിഞ്ഞ് 3.30ന് ബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഇന്നലെ രാവിലെ 8.49 അയച്ചമെയിൽ അധികൃതർ കണ്ടിരുന്നില്ല. വൈകിട്ട് 4ഓടെ തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്ന് ആറ്റിങ്ങൽ കോടതികളിലേക്ക് വിവരം അറിയിച്ചപ്പോഴാണ് മെയിൽ പരിശോധിക്കുന്നത്. സന്ദേശം കണ്ട് പരിഭ്രാന്തരായ കോടതികളിലെ ജീവനക്കാരെയും കക്ഷികളെയും കോടതിയിൽനിന്ന് ഒഴിച്ചിച്ചു. പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ആദ്യഘട്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സംശയകരമായി യാതൊന്നും കണ്ടെത്താൻകഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സന്ദേശത്തിൽ പറയുന്ന 3.30ന് ബോംബ് സ്ഫോടനമോ മറ്റെന്തെങ്കിലുമോ നടന്നിരുന്നെങ്കിൽ വൻ ദുരന്തമായേനെ.