പി.ആർ.എസിൽ തട്ടി വീണ് കൊയ്ത് കൂട്ടിയ പ്രതീക്ഷ
Wednesday 16 April 2025 1:07 AM IST
കോട്ടയം : അധിക കിഴിവിലും പ്രതികൂല കാലാവസ്ഥയിലും വലഞ്ഞ നെൽകർഷകർക്ക് ഇരുട്ടടിയായി സംഭരിച്ച നെല്ലിന് പി.ആർ.എസും ലഭിക്കുന്നില്ല. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലാണ് സ്ഥിതി രൂക്ഷം. തിരുവാർപ്പ് പഞ്ചായത്തിലെ കോതാരി, കണ്ണങ്കേരി പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയായി നെല്ല് സംഭരണം കഴിഞ്ഞു. എന്നാൽ പത്ത് ദിവസം പിന്നിട്ടിട്ടും പി.ആർ.എസ് നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. സാധാരണ സംഭരണം പൂർത്തിയായി രണ്ട് ദിവസങ്ങൾക്കുള്ളിൽ ലഭിച്ചിരുന്നു. ഇത് ലഭിച്ചാലേ കർഷകർക്ക് ബാങ്കിനെ സമീപിക്കാനാകൂ. നിരവധിപ്പേർക്ക് നൽകാനുള്ളതിനാൽ കാലത്താമസമെടുക്കുമെന്നാണ് അധികൃതരുടെ വാദം. ഇത്തവണ കൊയ്ത്ത് മെഷീനുകൾ ലഭിക്കാൻ വൈകിയതിനാൽ നെല്ല് കൊഴിഞ്ഞു പോകുന്നതിനും തൂക്കം കുറവിനും ഇടയാക്കിയിരുന്നു. മുൻവർഷങ്ങളിൽ ഒരേക്കറിൽ നിന്ന് 28, 30 ക്വിന്റൽ നെല്ല് ലഭിച്ചിരുന്നത് 15 ക്വിന്റലായി കുറഞ്ഞു.