വീണ്ടും കൂട്ട ആത്മഹത്യ : ഞെട്ടലിൽ ഏറ്റുമാനൂർ
കോട്ടയം : അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയ ഞെട്ടലിൽ നിന്ന് മുക്തരാകുന്നതിന് മുൻപേ ഏറ്റുമാനൂരിന് മറ്റൊരു ആഘാതം കൂടി. നീറിക്കാട് സ്വദേശിയും അഭിഭാഷകയും, പൊതുപ്രവർത്തകയുമായ ജിസ്‌മോൾ തോമസാണ് മക്കളായ നേഹ,നോറ എന്നിവരുമായി
മീനച്ചിലാറ്റിൽ പേരൂർ പള്ളിക്കുന്ന്കടവിൽ ചാടി മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെന്താണെന്ന് വ്യക്തമല്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്നാണ് സൂചന. അപകടത്തിൽ അമ്മ മരിച്ചതോടെയാണ് ജിസ്‌മോൾ പൊതുരംഗത്തേക്ക് എത്തിയത്. മുത്തോലി പഞ്ചായത്തംഗമായിരുന്ന അമ്മ. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജിസ്‌മോൾ വിജയിച്ച് പ്രസിഡന്റായി. സദോദരങ്ങളും, പിതാവും യു.കെയിലാണ്. രണ്ടാഴ്ച മുൻപാണ് പിതാവ് മടങ്ങിയത്. ഇവർ എത്തിയശേഷമാകും സംസ്‌കാരം. ഫെബ്രുവരി 28 നായിരുന്നു കുടുംബ കലഹത്തെ തുടർന്ന് ഏറ്റുമാനൂർ സ്വദേശിയായ ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. സംഭവത്തിൽ ഭർത്താവ് നോബിയെ അറസ്റ്റ് ചെയ്തിരുന്നു.
ആത്മഹത്യ പെരുകുന്നു
മൂന്നു മാസത്തിനിടെ 40 പേരാണ് ജില്ലയിൽ ജീവനൊടുക്കിയത്. ചിലത് ചർച്ചയാകുമ്പോൾ മറ്റുള്ളവ അറിയാതെ പോകുകയാണ്. കുടുംബവഴക്ക്, ലഹരി ഉപയോഗം, സാമ്പത്തിക വിഷയങ്ങൾ, പ്രണയബന്ധം, മാനസിക പ്രശ്‌നങ്ങൾ, പരീക്ഷാപ്പേടി, ജോലിസമ്മർദ്ദം തുടങ്ങിയവയാണ് ഇതിലേക്ക് നയിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ നിന്ന് ചാടി ടെക്കി ജീവനൊടുക്കിയത്.
''ആക്ടീവും ബോൾഡുമായിരുന്നു ജിസ്‌മോൾ. പുറമേ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നതായി അറിവില്ല. (എൻ.ശശികുമാർ , മുത്തോലി പഞ്ചായത്തംഗം )