മുസ്ളീങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാനാണ് വഖഫ് നിയമമെന്ന് പാകിസ്ഥാൻ, ചുട്ട മറുപടി നൽകി ഇന്ത്യ
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാണെന്ന പാക്കിസ്ഥാൻ നിലപാടിന് രൂക്ഷമറുപടിയുമായി ഇന്ത്യ. അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് അധികാരമില്ല. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് പാക്കിസ്ഥാൻ ആത്മപരിശോധന നടത്തൂവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇതിനിടെ രാജ്യത്ത് ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി വഖഫിന്റെ പേരിലുണ്ടെന്നും, ഭൂമാഫിയയാണ് അതിന്റെ പ്രയോജനം പറ്റുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. ഭൂമി കൊള്ള അവസാനിപ്പിക്കാനാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിക്കും. നിയമത്തെ എതിർത്തുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പരത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. സ്വന്തം നേട്ടത്തിനായി വഖഫ് ചട്ടങ്ങളിൽ കോൺഗ്രസ് മാറ്രംവരുത്തി. നിയമം ദുരുപയോഗിച്ചതിന്റെ ഫലമായി മുസ്ലീം യുവാക്കൾക്ക് സൈക്കിൾ പഞ്ചർ നന്നാക്കൽ പോലുള്ള ജോലികൾ ചെയ്യേണ്ട സാഹചര്യമുണ്ടായി.
അതേസമയം വഖഫ് ഭേദഗതി നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള ഹർജികൾ സുപ്രീംകോടതി ബുധനാഴ്‌ച പരിഗണിക്കും. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് കോൺഗ്രസും, മുസ്ലീംലീഗും, ഡി.എം.കെയും, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ഉൾപ്പെടെ ആവശ്യപ്പെടും. ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങൾ അടക്കം നിയമത്തെ അനുകൂലിച്ച് ഹർജി നൽകിയവർ സ്റ്റേ ആവശ്യത്തെ എതിർക്കും. കേന്ദ്രസർക്കാർ തടസ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി.സഞ്ജയ് കുമാർ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ നാളെ പരിഗണിക്കുന്നത്.