നെഹ്റുട്രോഫി; പോരാളികൾ ഒരുക്കത്തിലാണ്
ആലപ്പുഴ: ഈ വർഷത്തെ നെഹ്റുട്രോഫി ജലോത്സവത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് പ്രമുഖ ക്ലബ്ബുകൾ. ക്യാപ്റ്റന്മാരെ കണ്ടെത്തുകയെന്ന വലിയ കടമ്പ പൂർത്തിയാക്കി പലരും വള്ളസമിതികളുമായി ധാരണയിലെത്തി ഏത് വള്ളത്തിൽ മത്സരിക്കണമെന്നും ഉറപ്പിച്ചു കഴിഞ്ഞു. തുഴച്ചിലുകാരുടെ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. സ്ഥിരം തുഴച്ചിലുകാർക്ക് പുറമേ ശാരീരിക ക്ഷമതയുള്ള അന്യസംസ്ഥാനക്കാരെയും തിരഞ്ഞെടുക്കുന്നുണ്ട്. നെഹ്റുട്രോഫി ജലമേളയുടെ ഔദ്യോഗിക തീയതി സർക്കാരാണ് പ്രഖ്യാപിക്കേണ്ടത്. ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയെന്ന പരമ്പരാഗത തീയതി മാറ്റി ഈ വർഷം ആഗസ്റ്റ് 30ന് ജലമേള നടത്തണമെന്ന് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സർക്കാരിലേക്ക് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. പ്രളയം കാരണം 2018, 2019 വർഷങ്ങളിലും, കൊവിഡ് കാരണം 2022ലും ആഗസ്റ്റിലെ രണ്ടാം ശനിയെന്ന പതിവ് പാലിക്കാനായില്ല. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും തീയതി മാറ്റി.
ജഴ്സി പുറത്തിറക്കി, സെലക്ഷൻ പുരോഗതിയിൽ
നെഹ്റുട്രോഫിയിൽ രണ്ടാം ഹാട്രിക്ക് ലക്ഷ്യമിട്ടിറങ്ങുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫാൻസ് ജഴ്സി പുറത്തിറക്കി. മറ്റ് ക്ലബ്ബുകളും ജഴ്സി പുറത്തിറക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ട്. 18 മുതൽ 30 വരെ പ്രായക്കാരായ ശാരീരിക ക്ഷമതയുള്ള യുവാക്കളെയാണ് പല ക്ലബ്ബുകളും തുഴച്ചിലുകാർക്കുള്ള സെലക്ഷനിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്. വള്ളങ്ങൾ പുതുക്കി പണിയുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. സിനിമകളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിൽ പ്രധാന തുഴച്ചിലുകാരെയും, പങ്കായക്കാരെയും പരിചയപ്പെടുത്തുന്ന വീഡിയോകളും പല ക്ലബ്ബുകളും പുറത്തിറക്കുന്നുണ്ട്.
ക്ലബ്ബുകളും വള്ളം സമിതികളും ഒരു മുഴം മുമ്പേ തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ കാലേക്കൂട്ടി ആലോചനായോഗമടക്കം ചേരാൻ കഴിഞ്ഞതിനാൽ മുന്നൊരുക്കത്തിന് ആവശ്യത്തിന് സമയം ലഭിക്കുമെന്നാണ് കരുതുന്നത്
- കെ.എ.പ്രമോദ്, എൻ.ടി.ബി.ആർ എക്സിക്യുട്ടീവ് അംഗം