ഹൈബ്രിഡ് കഞ്ചാവ്: മുഖ്യപ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങും
ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതികളായ സുൽത്താനെയും ഭാര്യ തസ്ളിമയെയും സുഹൃത്ത് മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും കൂടുതൽ അന്വേഷണത്തിനായി അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങും. എക്സൈസ് അസി.കമ്മിഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ചയാടെ കസ്റ്റഡി അപേക്ഷ നൽകും. ഇതിന് മുന്നോടിയായി പ്രതികൾക്കെതിരായ കൂടുതൽ ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചുതുടങ്ങി.
കഞ്ചാവ് തമിഴ്നാട്ടിൽ നിന്ന് ആലപ്പുഴയിലെത്തിച്ചതുമായി ബന്ധപ്പെട്ട് പ്രതികൾ താമസിച്ച ഹോട്ടലുകളിലെയും സഞ്ചരിച്ച റൂട്ടുകളിലെയും സി.സി ടി.വി ദൃശ്യങ്ങൾ, പണമിടപാടുകളുടെയും വാട്സ് ആപ് ഉൾപ്പെടെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഫോൺവഴിയുമുള്ള ആശയ വിനിമയങ്ങളുടെയും തെളിവുകൾ, മറ്റ് രേഖകൾ എന്നിവ സമാഹരിച്ച് പ്രതികളെ അതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കാനാണ് തീരുമാനം.
കോടികൾ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾ അകത്തായതോടെ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടുള്ള ലഹരി ഇടപാടുകൾ, പെൺവാണിഭം, സ്വർണ്ണക്കടത്ത് തുടങ്ങി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. തസ്ളിമയുടെ ഫോണിലെ വാട്സ് ആപ് സന്ദേശങ്ങളിൽ നിന്ന് സിനിമാ രംഗത്തെ പ്രമുഖരുമായുള്ള പണം ഇടപാടിന്റെയും പെൺ വാണിഭത്തിന്റെയും വിവരങ്ങളാണ് വെളിപ്പെട്ടത്. ഇതേ ഫോണിൽ നിന്ന് കഞ്ചാവ് പാഴ്സലിന്റെ ഇമേജ് കണ്ടെത്തിയ എക്സൈസ് സംഘം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സുൽത്താനെ കൈയ്യോടെ പൊക്കിയപ്പോഴാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തും വെളിപ്പെട്ടത്.
ചുരുളഴിയാൻ ഇനിയുമേറെ..
ചെന്നൈ, ട്രിച്ചി എയർപോർട്ടുകൾ കേന്ദ്രീകരിച്ച് സ്വർണക്കടത്തിന് അഞ്ച് തവണ സുൽത്താൻ പിടിയിലായിട്ടുണ്ട്. ഇതിനെല്ലാം പിഴയൊടുക്കി തലയൂരിയെങ്കിലും തമിഴ്നാട്ടിൽ തമ്പടിച്ച് കോടികളുടെ സ്വർണം സുൽത്താൻ കടത്തിവരികയായിരുന്നുവെന്നാണ് തെളിഞ്ഞത്. തായ്ലാന്റ് , സിംഗപ്പൂർ, മലേഷ്യ യാത്രകൾ നിരന്തരം നടത്തിയിരുന്ന സുൽത്താന് സ്വർണവും മയക്കുമരുന്നും കടത്താൻ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഇത് മറയാക്കിയാണ് വിദേശത്ത് നിന്ന് ഹൈബ്രിഡ്കഞ്ചാവുൾപ്പെടെ കേരളത്തിലേക്ക് കടത്തിയത്. കസ്റ്റഡിയിൽ വാങ്ങുന്ന മൂവരെയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ചുരുളഴിയുമെന്നാണ് കരുതുന്നത്.