'വനസുന്ദരി ചിക്കൻ ഫെസ്റ്റ് ' ഇന്നുമുതൽ

Wednesday 16 April 2025 2:58 AM IST

തിരുവനന്തപുരം: കുടുംബശ്രീ പ്രീമിയം കഫേയിൽ ഇന്നുമുതൽ 18 വരെ 'വനസുന്ദരി ചിക്കൻ ഫെസ്റ്റ് ' സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിനു സമീപം ഗവ.പ്രസിന് എതിർവശത്തെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ റെസ്റ്റോറന്റിലാണ് ഫെസ്റ്റ്. ശീതീകരിച്ച റെസ്റ്റോറന്റിൽ ഒരേസമയം 50 പേർക്ക് ഭക്ഷണം കഴിക്കാം. ജില്ലയിൽ കുടുംബശ്രീയുടെ ആദ്യത്തെ പ്രീമിയം കഫേയാണിത്.ട്രാവൻകൂർ മിനി സദ്യ,പട്ടം കോഴിക്കറി,നെയ്‌മീൻ ഫിഷ് മൽഹാർ, മലബാർ വിഭവങ്ങൾ,ചൈനീസ് വിഭവങ്ങൾ എന്നിവ പ്രീമിയം കഫേയിൽ ലഭ്യമാകും.ദേശീയ സരസ് മേളയിൽ സംഘടിപ്പിക്കുന്ന ഫുഡ്‌കോർട്ട് ഉൾപ്പെടെ പ്രമുഖ ഭക്ഷ്യമേളകളിലെല്ലാം ഹിറ്റായി മാറിയ വിഭവമാണ് കുടുംബശ്രീയുടെ മാത്രം പ്രത്യേകതയായ അട്ടപ്പാടിയുടെ 'വനസുന്ദരി ചിക്കൻ'. അട്ടപ്പാടിയിലെ പട്ടികവർഗ മേഖലയിൽ നിന്നെത്തിയ സംരംഭകരാണ് വിഭവം തയ്യാറാക്കുന്നത്. ഇവർ 'വൃത്തി ' കോൺക്ളേവിനൊടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബശ്രീ ഫുഡ് കോർട്ടിലും പങ്കെടുത്തിരുന്നു.