വിട, മാരിയോ വാർഗാസ് യോസ

Wednesday 16 April 2025 1:08 AM IST

ലിമ: ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനും നോബൽ ജേതാവുമായ മാരിയോ വാർഗാസ് യോസ (89) ഇനി ഓർമ്മ. ഞായറാഴ്ച പെറുവിന്റെ തലസ്ഥാനമായ ലിമയിലായിരുന്നു അന്ത്യം. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ സുവർണയുഗത്തിന്റെ അന്ത്യമായാണ് യോസയുടെ വിയോഗത്തെ വിലയിരുത്തുന്നത്.

അഞ്ചു പതിറ്റാണ്ടിനിടെ നോവലുകളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു.

'ആന്റ് ജൂലിയ ആൻഡ് ദ സ്ക്രിപ്‌റ്റ്‌റൈറ്റർ", 'ഡെത്ത് ഇൻ ദ ആൻഡീസ്", 'ദ വാർ ഒഫ് ദ എൻഡ് ഒഫ് ദ വേൾഡ്" തുടങ്ങിയ രചനകളിലൂടെ 2010ലെ സാഹിത്യ നോബലിന് അർഹനായി. ഒരിക്കൽ പെറുവിന്റെ പ്രസിഡന്റ് പദവിയുടെ തൊട്ടരികിൽ വരെയെത്തി. തന്റെ കാലഘട്ടത്തിലെ പ്രമുഖർ സ്വീകരിച്ച സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് യോസ അകന്നുനിന്നു. രാഷ്ട്രീയത്തിലെയും യാഥാസ്ഥിതിക വീക്ഷണങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ ബുദ്ധിജീവികളെ അസ്വസ്ഥപ്പെടുത്തി. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും മാർക്സിസ്റ്റ് കലാപത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന ആഹ്വാനവുമായി 1990ലെ പെറു പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എന്നാൽ ആൽബർട്ടോ ഫുജിമോറിക്ക് മുന്നിൽ പരാജയപ്പെട്ടു.

 ജീവിതാനുഭവങ്ങൾ രചനകളായി

1936 മാർച്ച് 28ന് പെറുവിലെ അരക്വിപയിൽ ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. സ്വന്തം ജീവിതാനുഭവങ്ങൾ മുതൽ ഭരണകൂടത്തെയും സംഘർഷങ്ങളെയും വരെ രചനകളിലൂടെ പ്രതിഫലിപ്പിച്ചു. ലിമയിലെ മിലിട്ടറി അക്കാഡമിയിലെ കേഡറ്റായിരിക്കെയുള്ള അനുഭവങ്ങൾ വിവരിക്കുന്ന 'ദ ടൈം ഒഫ് ദ ഹീറോ" (1963), പ്രസിഡൻഷ്യൽ മത്സരത്തിന്റെ ഓർമ്മകളായ 'എ ഫിഷ് ഇൻ ദ വാട്ടർ" (1993), ഡൊമിനിക്കൻ റിപ്പബ്ലിക് സ്വേച്ഛാധിപതി റാഫേൽ ട്രൂഹിയോയുടെ ഭരണകൂട ക്രൂരത വരച്ചുകാട്ടുന്ന ' ദ ഫീസ്റ്റ് ഒഫ് ദ ഗോട്ട്" (2000), പെറുവിൽ തദ്ദേശീയ, യൂറോപ്യൻ സംസ്‌കാരങ്ങൾ തമ്മിലെ സംഘർഷം വിവരിക്കുന്ന 'ദ സ്റ്റോറി ടെല്ലർ" (1987) തുടങ്ങിയവ ഉദാഹരണം. രണ്ടു തവണ വിവാഹിതനായെങ്കിലും വേർപിരിഞ്ഞു. ഗായകൻ എൻറികെ ഇഗ്‌ലേഷ്യസിന്റെ മാതാവായ ഇസബെൽ പ്രെയ്‌സ‌ലർ മുൻ ജീവിതപങ്കാളിയാണ്. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ അൽവാരോ യോസ, ഗോൺസാലോ, മോർഗാന എന്നിവരാണ് മക്കൾ.