രാഹുലും സോണിയയും ഇ.ഡി കുരുക്കിൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രതികളാക്കി ഇ.ഡി കുറ്റപത്രം.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി. ഡൽഹി റൗസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സ്‌പെഷ്യൽ ജഡ്‌ജി വിശാൽ ഗോഗ്‌നെ പരിഗണിച്ചു. കുറ്റപത്രം സ്വീകരിക്കുന്നതിൽ 25ന് വാദം കേൾക്കും.
അഹമ്മദാബാദിൽ എ.ഐ.സി.സി സമ്മേളനം നടന്ന ഏപ്രിൽ 9നാണ് കുറ്രപത്രം സമർപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റി സുമൻ ദുബെ തുടങ്ങിയവർ കൂട്ടുപ്രതികളാണ്. ഇന്ന് രാജ്യവ്യാപകമായി ഇ.ഡി ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കും. അതിനിടെ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇ.ഡി ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാകണം.
2014ൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം. അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2000 കോടിയിൽപ്പരം വിലമതിക്കുന്ന സ്വത്തുക്കൾ 50 ലക്ഷം രൂപയ്‌ക്ക് കോൺഗ്രസ് നേതാക്കൾക്ക് ഓഹരിയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നത് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡാണ്. ഉടമസ്ഥാവകാശം യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിനും. 661 കോടിയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
യംഗ് ഇന്ത്യയിൽ 38 ശതമാനം ഓഹരി
1. രാഹുലും സോണിയയും കൂട്ടുപ്രതികളും കള്ളപ്പണ ഇടപാട് നടത്തി
2. യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൽ ഇരുവർക്കും 38% വീതം ഓഹരികൾ
3. രണ്ട് കമ്പനികളുടെയും സ്വത്തുക്കൾ കള്ളപ്പണ ഇടപാടിന് ഉപയോഗിച്ചു
4. 18 കോടിയിൽപ്പരം ദുരൂഹ സംഭാവനകൾ കമ്പനികളുടെ മറവിലെത്തി
5. 29 കോടിയുടെ വ്യാജപരസ്യങ്ങളും 38 കോടിയുടെ വ്യാജ മുൻകൂർ വാടകയും വന്നു
58 കോടിയുടെ ഇടപാട്
ഗുരുഗ്രാം ശികോഹ്പൂരിലെ 3.5 ഏക്കർ ഭൂമി ഏഴരക്കോടി രൂപ നൽകി വാദ്രയുടെ സ്കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫിന് ഈഭൂമി 58 കോടിക്ക് മറിച്ചുവിറ്റു. ഇതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
രാഷ്ട്രീയ വേട്ടയാടൽ. എപ്പോഴെല്ലാം രാഷ്ട്രീയത്തിൽ ചേരാൻ താൻ സന്നദ്ധത പ്രകടിപ്പിക്കുന്നുവോ,അപ്പോഴെല്ലാം പഴയ വിഷയങ്ങൾ കുത്തിപ്പൊക്കുന്നു.
-റോബർട്ട് വാദ്ര
കോൺഗ്രസ്-പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയവും ഭീഷണിയുമാണിത്.
-ജയറാം രമേശ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി