റാണ കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ട്

Wednesday 16 April 2025 12:16 AM IST

 കൊച്ചിയിൽ തെളിവെടുപ്പിനുള്ള സാദ്ധ്യത

ന്യൂഡൽഹി: മുംബയ് ഭീകരാക്രമണക്കേസിൽ യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയുടെ ചോദ്യംചെയ്യൽ അഞ്ചാം ദിനമായ ഇന്നലെയും തുടർന്നു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് റാണ എൻ.ഐ.എയ്‌ക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ആസൂത്രണത്തിന്റെ ഭാഗമായി ഇന്ത്യയിൽ എവിടെയെല്ലാം പോയെന്ന് വെളിപ്പെടുത്തിയെന്നും അറിയുന്നു. മുംബയിലും കൊച്ചിയിലും ഉൾപ്പെടെ റാണ പോയ നഗരങ്ങളിലെത്തിച്ച് തെളിവെടുപ്പിനുള്ള സാദ്ധ്യത എൻ.ഐ.എ പരിശോധിക്കുന്നുണ്ട്. ദിനവും പത്ത് മണിക്കൂറോളമാണ് ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് റാണയെ ചോദ്യംചെയ്യുന്നത്. ഏതെല്ലാം രാജ്യങ്ങളിൽ ഗൂഢാലോചന നടന്നുവെന്നതിൽ നിർണായക വഴിത്തിരിവുണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. പാക്കിസ്ഥാൻ ചാരസംഘടന ഐ.എസ്.ഐയുടെയും പാക് ഭീകരസംഘടനകളുടെയും പങ്ക് സംബന്ധിച്ച് ചില വിവരങ്ങൾ റാണ പറഞ്ഞുവെന്നാണ് അനൗദ്യോഗിക വിവരം. ഭീകരാക്രമണത്തിൽ ലഷ്കറെ ത്വയ്ബ, പാക് സേന തുടങ്ങിയവർക്കുള്ള ബന്ധത്തിലും സൂചനകൾ ലഭിച്ചിട്ടുണ്ട്.