ഇ.ഡി, സി.ബി.ഐ സംഘം ബെൽജിയത്തിലേക്ക് --- ചോക്സിയെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം
ബ്രസൽസ്: ബെൽജിയത്തിൽ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ചോക്സിയെ വലയിലാക്കാൻ ഇ.ഡി, സി.ബി.ഐ സംഘങ്ങൾ ഉടൻ ബെൽജിയത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, രക്താർബുദ ബാധ ചൂണ്ടിക്കാട്ടി നാടുകടത്തൽ വൈകിക്കാൻ ചോക്സിയുടെ ഭാഗത്ത് നിന്ന് നീക്കം തുടങ്ങി. ബെൽജിയം കോടതിയുടെയും ബന്ധപ്പെട്ട മന്ത്റാലയത്തിന്റെയും ഉത്തരവ് അനുസരിച്ചേ ചോക്സിയെ നാടുകടത്താനാകൂ എന്ന് ഇയാളുടെ അഭിഭാഷകർ പറയുന്നു. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ നിബന്ധനകൾ ചൂണ്ടിക്കാട്ടി ബെൽജിയം കോടതിയെ സമീപിക്കാനാണ് നീക്കം. ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നത് സംബന്ധിച്ച് മനുഷ്യാവകാശപരമായ ആശങ്കകളുണ്ടെന്നാണ് അഭിഭാഷകരുടെ പക്ഷം. അറസ്റ്റിനെതിരെ ബെൽജിയം കോടതിയിൽ ചോക്സിയുടെ അഭിഭാഷകർ സമർപ്പിച്ച ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് വിവരം. വ്യാജരേഖ നൽകി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് ചോക്സി ഇന്ത്യ വിട്ടത്. പ്രമുഖ ജൂവലറി കമ്പനിയായിരുന്ന ഗീതാഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനാണ് ചോക്സി. തട്ടിപ്പിന് പിന്നാലെ കമ്പനി അടച്ചുപൂട്ടി.
# ചികിത്സയ്ക്കെത്തി, കുടുങ്ങി
ചികിത്സയ്ക്കായി സ്വിറ്റ്സർലൻഡിലേക്കുപോകാനിരിക്കെ ശനിയാഴ്ചയാണ് ബെൽജിയം പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്. റെസിഡൻസി കാർഡ് നേടി കഴിഞ്ഞ വർഷം ബെൽജിയത്തിലെത്തിയ ചോക്സി ഭാര്യ പ്രീതിക്കൊപ്പം ആന്റ്‌വെർപ്പ് നഗരത്തിലായിരുന്നു താമസം. ഇന്ത്യൻ ഏജൻസികൾ ഇയാളെ വിട്ടുകിട്ടാൻ ബെൽജിയത്തിന് അപേക്ഷ നൽകിയിരുന്നു. പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്. ഇതിനിടെ, മുംബയിലെ തന്റെ മൂന്ന് ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി വേണ്ടി വന്ന 63 ലക്ഷം രൂപയും ചോക്സി നൽകിയിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
നീരവ് മോദിയുടെ
അമ്മാവൻ
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയുടെ അമ്മാവനാണ് മെഹുൽ ചോക്‌സി
നീരവും ചോക്‌സിയും വ്യാജ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടി
പരാതി സി.ബി.ഐയ്ക്ക് ലഭിച്ചതിന് പിന്നാലെ 2018ൽ ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം രാജ്യംവിട്ടു
നീരവ് 2019ൽ ലണ്ടനിൽ അറസ്റ്റിലായി. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു
ചോക്‌സി കരീബിയൻ ദ്വീപായ ആന്റിഗ്വ ആൻഡ് ബാർബൂഡയിൽ എത്തി
2021ൽ ചോക്‌സി ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെ ഡൊമിനിക്കയിൽ പൊലീസിന്റെ പിടിയിലായി. എന്നാൽ ഡൊമിനിക്കൻ കോടതി കേസ് പിൻവലിച്ച് ഇയാളെ ആന്റിഗ്വയിലേക്ക് തന്നെ തിരിച്ചയച്ചു. ഇന്ത്യൻ ഏജന്റുമാർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു ചോക്സിയുടെ ആരോപണം
2018ൽ ചോക്സിയെ ഇന്റർപോൾ റെഡ് നോട്ടീസ് ലിസ്റ്റിൽ പെടുത്തിയെങ്കിലും 2023ൽ പിൻവലിച്ചു. ഇതോടെ ചോക്സിക്ക് ആന്റിഗ്വയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള തടസം നീങ്ങി
രക്താർബുദ ചികിത്സയ്ക്കായി ചോക്സി ബെൽജിയത്തിലെത്തിയെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും ഫെബ്രുവരിയിൽ ചോക്സിയുടെ അഭിഭാഷകൻ മുംബയ് കോടതിയെ അറിയിച്ചിരുന്നു. വെർച്വലായി അന്വേഷണത്തോട് സഹകരിക്കാൻ ചോക്സി തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടുകളുമായി ഏജൻസികൾ മുന്നോട്ടുപോയി