മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള ബദവി അന്തരിച്ചു
Wednesday 16 April 2025 5:44 AM IST
ക്വാലാലംപ്പൂർ: മലേഷ്യയുടെ മുൻ പ്രധാനമന്ത്രി അബ്ദുള്ള ബദവി (85) അന്തരിച്ചു. തിങ്കളാഴ്ച ക്വാലാലംപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മറവിരോഗം അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.2003 മുതൽ 2009 വരെ രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന ബദവി യു.എം.എൻ.ഒ പാർട്ടിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു. 1978 മുതൽ 2013 വരെ തുടർച്ചയായി പാർലമെന്റ് അംഗമായി. 1978 നും 2009നും ഇടയിൽ ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങി വിവിധ മന്ത്രിപദവികൾ വഹിച്ചു. 1999 - 2003 കാലയളവിൽ ഉപപ്രധാനമന്ത്രിയായിരുന്നു. ശക്തമായ ജനപിന്തുണയോടെയാണ് ബദവി പ്രധാനമന്ത്രി പദത്തിലേറിയത്. എന്നാൽ, പണപ്പെരുപ്പം, ജീവിതച്ചെലവ് ഉയർന്നത് അടക്കം സാമ്പത്തിക പ്രശ്നങ്ങൾ അവസാന വർഷങ്ങളിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയാൻ കാരണമായി. ഒടുവിൽ ഭരണസഖ്യത്തിന് കാര്യമായ തിരഞ്ഞെടുപ്പ് തിരിച്ചടികളുമുണ്ടായി.