നയതന്ത്രബന്ധത്തിന് ഭീഷണി: മോഡലിനെ അറസ്‌റ്റ് ചെയ്‌ത് ബംഗ്ലാദേശ്

Wednesday 16 April 2025 5:44 AM IST

ധാക്ക: മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശുമായ മേഘ്‌ന ആലത്തെ അറസ്​റ്റ് ചെയ്ത് ബംഗ്ലാദേശ് പൊലീസ്. രാജ്യത്തിന്റെ നയതന്ത്റ ബന്ധങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ധാക്ക കോടതിയിൽ ഹാജരാക്കിയ ഇവരെ കാഷിംപുർ ജയിലിലേക്ക് മാ​റ്റി. സൗദി അറേബ്യൻ നയതന്ത്റ ഉദ്യോഗസ്ഥനെക്കുറിച്ച് മേഘ്‌ന തെ​റ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും ഇത് സൗദിയുമായുള്ള രാജ്യത്തിന്റെ ബന്ധത്തിന് ഭീഷണിയായെന്നുമാണ് ബംഗ്ലാദേശിന്റെ വിശദീകരണം. എന്നാൽ, മേഘ്‌നയും ഉദ്യോഗസ്ഥനും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഇയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞതോടെ മേഘ്ന പിന്മാറിയെന്നും പിതാവ് പ്രതികരിച്ചു. ഉദ്യോഗസ്ഥനെതിരെ മേഘ്‌ന നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ പുറത്തുവിട്ടിരുന്നു. അതേ സമയം,​ മേഘ്‌നയുടെ അറസ്റ്റ് അന്യായമാണെന്ന് കാട്ടി വിവിധ സംഘടനകൾ രംഗത്തെത്തി.