ബോയിംഗ് വിമാനങ്ങൾ വാങ്ങരുത്, കമ്പനികളോട് നിർദ്ദേശിച്ച് ചൈന
ബീജിംഗ്: യു.എസുമായി വ്യാപാര യുദ്ധം മുറുകുന്നതിനിടെ അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിംഗിന് കനത്ത തിരിച്ചടിയേകുന്ന നീക്കവുമായി ചൈന. ബോയിംഗിൽ നിന്ന് പുതിയ വിമാന ഡെലിവറികൾ സ്വീകരിക്കേണ്ട എന്ന് രാജ്യത്തെ വിമാനക്കമ്പനികളോട് ചൈന ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. വിമാനങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഉപകരണങ്ങളും അമേരിക്കൻ കമ്പനികളിൽ നിന്ന് വാങ്ങേണ്ട എന്നും ചൈന തങ്ങളുടെ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് ഇറക്കുമതികൾക്ക് 145 ശതമാനം പകരച്ചുങ്കമാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരിച്ചടിയായി 125 ശതമാനം തീരുവ ചൈന അമേരിക്കൻ ഉത്പന്നങ്ങൾക്കും ചുമത്തിയിരുന്നു. സ്‌മാർട്ട്ഫോൺ, കമ്പ്യൂട്ടർ തുടങ്ങി ഇലക്ട്രോണിക് ഇറക്കുമതികളെ പകരച്ചുങ്ക പരിധിയിൽ നിന്ന് ട്രംപ് കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു. ചൈനീസ് ഇറക്കുമതികൾക്കും ഇളവ് ബാധകമാണ്. എന്നാൽ നീക്കം താത്കാലികമാണെന്ന് വൈറ്റ് ഹൗസ് പിന്നീട് പ്രതികരിച്ചിരുന്നു. തങ്ങളുടെ വലിയ വിപണികളിലൊന്നായാണ് ബോയിംഗ് ചൈനയെ കാണുന്നത്. മാത്രമല്ല, എതിരാളികളായ എയർബസ് ചൈനയിൽ പ്രബലമായ സ്ഥാനം വഹിക്കുന്നുണ്ട്. ചൈനയിലെ മുൻനിര എയർലൈനുകളായ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവ 2025നും 2027നും ഇടയിൽ യഥാക്രമം 45, 53, 81 വിമാനങ്ങൾ ബോയിംഗിൽ നിന്ന് സ്വീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.