"പേര് പറയാഞ്ഞിട്ട് തന്നെ ആ പെൺകുട്ടിയെ ആക്രമിക്കുകയാണ്, അത് സിനിമയുടെ സ്വഭാവമാണ്"
സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണവും ഉണ്ടായി. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
വിൻസിയുടേത് വളരെ ധീരമായ നിലപാടാണെന്നും അങ്ങനെയൊരു തീരുമാനമെടുക്കുക എല്ലാവർക്കും സാദ്ധ്യമല്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സിനിമ എനിക്ക് ഇഷ്ടമാണെന്നും പക്ഷേ സിനിമ ഇല്ലെങ്കിൽ ജീവിക്കാനാകില്ലെന്നൊന്നുമില്ലെന്നും വിൻസി പറഞ്ഞു. ആ വാക്കുകളിൽ ആത്മവിശ്വാസമാണ് കണ്ടതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
'പേര് പറഞ്ഞുകഴിഞ്ഞാൽ ആ വ്യക്തിയുടെ ഫാൻസ് ആണ് വന്ന് ആക്രമിക്കുന്നത്. ഇവിടെ എന്റെ അച്ഛൻ പത്തായത്തിനകത്തില്ലെന്ന് പറയുന്നമാതിരിയാണ്. പേര് പറയാഞ്ഞിട്ട് തന്നെ ആ പെൺകുട്ടിയെ ആക്രമിക്കുകയാണ്. അത് സിനിമയുടെ സ്വഭാവമാണ്. എനിക്ക് എന്റെ അവസരങ്ങൾ നിഷേധിക്കപ്പെടുമോ, എന്റെ നിലനിൽപ് ഇല്ലാതാകുമോയെന്നൊരു ഭയം ഉണ്ടാകും. സിനിമയ്ക്കുള്ളിൽ സ്വന്തം നിലപാടുള്ളവർ വിരലിലെണ്ണാവുന്ന ചിലരേയുള്ളൂ.
നിലപാടുള്ളവർ സിനിമ ചെയ്യാതെ വീട്ടിലിരിക്കും. ഞാൻ ആലോചിക്കുകയായിരുന്നു. യഥാർത്ഥത്തിൽ ഇനി വിൻസിക്ക്, വളരെ അപൂർവം, യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്ന ഒരു സംവിധായകന്റെ സിനിമ മാത്രമേ അവർക്ക് കിട്ടുള്ളൂ.
നിങ്ങളെന്ന മികച്ച നടിയെയാണ് ആവശ്യം, അതിനാൽ ലഹരി ഒഴിവാക്കുമെന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ പറയില്ല. മലയാള സിനിമ നായകന്മാർ ഭരിക്കുന്ന കാലമാണ്. ഇന്ത്യൻ സിനിമ തന്നെ അങ്ങനെയാണ്. ഇവിടെ നായികമാർക്ക് അല്ല പ്രാധാന്യം. മലയാള സിനിമയിലെ സ്ത്രീകൾ സത്യം വിളിച്ചുപറഞ്ഞാൽ അവരെ കൂട്ടമായി ആക്രമിക്കുകയെന്നുള്ളത് പുതിയ കാര്യമൊന്നുമല്ല. അത് കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണ്.'- ഭാഗ്യലക്ഷ്മി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.