അടിമാലി പ്രീമെട്രിക് ഹോസ്റ്റലിലെ ദുരിതങ്ങൾപരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

Thursday 17 April 2025 1:57 AM IST

ഇടുക്കി: അടിമാലി മന്നാംകാലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി രൂപരേഖയ്ക്ക് പട്ടിക ജാതി പട്ടിക വികസന വകുപ്പ് അധിക്യതർ അനുമതിയും ഫണ്ടും ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

അടിമാലി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസറെ നേരിട്ട് വിളിച്ചുവരുത്തിയാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ആൺകുട്ടികളുടെ ഹോസ്റ്റൽ ഒന്നിലെയും രണ്ടിലെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.

ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് രണ്ട് എസ്റ്റിമേറ്റുകൾ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുമായി 2022 ഡിസംബർ 1 ന് പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് അയച്ചതായി പറയുന്നു. എന്നാൽ ഡയറക്ടർ തീരുമാനമെടുത്തിട്ടില്ല. കമ്മീഷൻ നിർദ്ദേശാനുസരണം എസ്റ്റിമേറ്റ് സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിൽ സമർപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു. ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് പരാതികൾക്ക് പരിഹാരം കാണും. കുട്ടികൾക്ക് കിടക്ക വാങ്ങി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇക്കാര്യത്തിൽ പട്ടിക ജാതി പട്ടികവർഗ ഡയറക്ടർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അനുമതിയും പണ്ടും ലഭ്യമാക്കി പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ കൊണ്ട് പണി പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൃഷ്ണമൂർത്തി സമർപ്പിച്ച പരാതിയിലാണ് നടപടി.