അസ്‌തമിച്ച സാഹിത്യപ്രതിഭ

Thursday 17 April 2025 4:09 AM IST

നമ്മുടെ നാട്ടിൽ നിന്ന് അനേകം കാതങ്ങൾ അകലെയാണെങ്കിലും മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന മൂന്ന് വിഷയങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ചെലുത്തിയ സ്വാധീനം മറ്റു ലോക രാജ്യങ്ങൾക്ക് അവകാശപ്പെടാൻ ആവുന്നതിനും അപ്പുറമാണ്. വിപ്ളവം, സാഹിത്യം, ഫുട്‌ബാൾ എന്നിവയാണ് അവ! ഈ മൂന്ന് മേഖലകളിലും ആ രാജ്യങ്ങളിലെ വീരപുരുഷന്മാരുടെ പേരുകൾ നമ്മുടെ നാട്ടിലെ കൊച്ചുകുട്ടികൾക്കു പോലും കാണാപ്പാഠമാണ്. ബൊളീവിയൻ കാടുകളെക്കുറിച്ച് പറയുമ്പോൾ നാം പുളകം കൊള്ളും. ചെഗുവേരയുടെയും കാസ്ട്രോയുടെയും ജീവിതം നാടോടിക്കഥകളിലെ കഥാപാത്രങ്ങളെപ്പോലെ നമ്മൾ സ്വീകരിച്ചവയാണ്. ഫുട്ബാൾ രംഗത്ത് മറഡോണ എന്ന പേര് ഇന്നും മലയാളികൾക്ക് നൃത്തച്ചുവടുകളെ അനുസ്‌മരിപ്പിക്കുന്ന ചലനങ്ങളോടെ പ്രതിരോധ നിരകളെ വിസ്‌മയിപ്പിച്ചും കബളിപ്പിച്ചും ഫുട്ബാളുമായി ഒഴുകി നെറ്റ് ചലിപ്പിക്കുന്ന മാന്ത്രികതയുടെ പ്രതീകമാണ്. മെസ്സി, നെയ്‌മർ തുടങ്ങിയവരും വ്യത്യസ്തരല്ല.

സാഹിത്യമണ്ഡലത്തിൽ മലയാളികളുടെ ബൗദ്ധികതയെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ചത് ഒരുപക്ഷേ റഷ്യൻ സാഹിത്യത്തിനുശേഷം ലാറ്റിനമേരിക്കൻ സാഹിത്യം തന്നെയാവും. ആധുനിക കാലത്ത് പാബ്‌ളോ നെരൂദ, ബോർഹെസ്, ഗബ്രിയേൽ ഗാർസിയ മാർക്വേസ് എന്നീ എഴുത്തുകാർ ചെലുത്തിയ സ്വാധീനം നമ്മുടെ സാഹിത്യ വിചാരങ്ങളെ ഏറെ സമ്പുഷ്ടമാക്കാൻ പ്രേരകമായതാണ്. മാർക്വേസിനു പിന്നാലെയാണ് മാരിയോ വാർഗാസ് യോസ മലയാളത്തിൽ അറിയപ്പെട്ടു തുടങ്ങിയത്. എന്നാൽ മാർക്വേസിനേക്കാൾ യോസയുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം വായനക്കാർ ഇന്ന് കേരളത്തിലുണ്ട്. രണ്ടുപേരും നോബൽ സമ്മാന ജേതാക്കളാണ്. വിശ്വപ്രശസ്തിയുടെ കാര്യത്തിൽ മാർക്വേസാണ് മുന്നിലെങ്കിലും എഴുത്തിന്റെ ഘടനയിലും കൗശലത്തിലും പുലർത്തിയ പിടിമുറുക്കത്തിലും ആശയങ്ങളുടെ ആവിഷ്കാരത്തിൽ കാണിച്ച വ്യക്തതയിലും യോസ ആർക്കും പിന്നിലേക്കു പോകുന്ന ഒരു എഴുത്തുകാരനല്ല.

സ്വേച്ഛാധിപത്യത്തിന്റെ മനഃശാസ്ത്രത്തെ അപഗ്രഥിക്കുന്നതാണ് യോസയുടെ ഭൂരിപക്ഷം രചനകളും. ജനാധിപത്യം എങ്ങനെ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിമാറുന്നു എന്നത് യോസയോളം സൗന്ദര്യാത്മകമായും ഉൾക്കാഴ്ചയോടെയും ചിത്രീകരിച്ചിട്ടുള്ള എഴുത്തുകാർ കുറവാണ്. ജനാധിപത്യത്തിലൂടെ ജനങ്ങൾക്ക് നന്മ ചെയ്യാൻ ആഗ്രഹിച്ച് രാഷ്ട്രീയത്തിൽ വരുന്ന ഒരു വ്യക്തി സർവാധികാരിയായി മാറുന്നതോടെ ജനങ്ങളെ വെറുക്കുന്ന, ഭയപ്പെടുന്ന ക്രൂരനായി മാറുന്ന രൂപാന്തരം കൃത്യമായി വരച്ചിട്ടതോടെയാണ് യോസയുടെ കൃതികൾ സാർവജനീനമായി മാറിയത്. ഭൂതകാലത്തിൽ സംഭവിച്ചതും വർത്തമാനകാലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ സംഭവിക്കാൻ പോകുന്നതുമായ മനുഷ്യന്റെ മനസിന്റെ ഈ അധഃപതനം ഭയപ്പെടുത്തുന്ന യാഥാർത്ഥ്യത്തോടെ കോറിയിടാൻ യോസയ്ക്ക് കഴിഞ്ഞിരുന്നു.

ഡൊമിനിക്കൻ റിപ്പബ്ളിക്കിലെ ഏകാധിപതിയായിരുന്ന ട്രൂജിലോയുടെ കൊലപാതകം ഇതിവൃത്തമാക്കി രചിച്ചിട്ടുള്ള 'ദി ഫീസ്റ്റ് ഒഫ് ദി ഗോട്ട്"എന്ന ഒരൊറ്റ കൃതി മതി യോസയ്ക്ക് ലോക സാഹിത്യകാരൻമാരുടെ മുൻനിര കസേരകളിലൊന്നിൽ ആരെയും കൂസാതെ നിവർന്നിരിക്കാൻ. ഏകാധിപതിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും ഒടുവിൽ അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന ചെറിയ ഒരു സംഘത്തിൽ അംഗമായി വായനക്കാരനും മാറിപ്പോകുന്ന വിധത്തിലാണ് ആ കൃതിയുടെ രചനാരീതി. ദി ടൈം ഒഫ് ദി ഹീറോ, ദി ഫിഷ് ഇൻ ദി വാട്ടർ, ദി വാർ ഫോർ ദി എൻഡ് ഒഫ് ദി വേൾഡ്, ദി വേ ടു പാരഡൈസ് തുടങ്ങിയ ഒന്നാന്തരം നോവലുകളുടെ സ്രഷ്ടാവായ യോസ എൺപത്തിയൊൻപതാമത്തെ വയസിൽ ഇഹലോകത്തോട് വിടവാങ്ങിയിരിക്കുകയാണ്. താൻ ജനിച്ച പെറുവിലെ ജനങ്ങളുടെ ജീവിതമാണ് യോസ എഴുതുന്നതെങ്കിലും അത് എല്ലാ മനുഷ്യന്റെയും ആശയുടെയും നിരാശയുടെയും വേദനയുടെയും അമർഷത്തിന്റെയും രതിയുടെയും ഭക്ഷണത്തിന്റെയും നിസഹായതയുടെയും ഒടുവിൽ മരണത്തിന്റെയും കഥയാക്കി മാറ്റാൻ കഴിഞ്ഞ ആ കഥാകാരന്റെ വിടവാങ്ങൽ ലോക സാഹിത്യത്തിൽ സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല.