കഥപറച്ചിലിന്റെ റിപ്പബ്ലിക്
നിശബ്ദ വിപ്ലവത്തിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത് . വാർത്തകളിൽ ഇടംപിടിക്കുന്നതോ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നതോ ആയ തരത്തിലുള്ള വിപ്ലവമല്ല; മറിച്ച്, ഉപരിതലത്തിനു തൊട്ടുതാഴെ മുഴങ്ങും വിധമുള്ള വിപ്ലവമാണത്. മിതമായ എഡിറ്റ് സ്യൂട്ടുകളിലും, കടമെടുത്ത ലാപ്‌ടോപ്പുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന എക്സ്.ആർ ലാബുകളിലും, സിൽച്ചറിൽ നിന്നുള്ള ഇരുപത്തിരണ്ടു വയസുകാരൻ തന്റെ മുത്തശ്ശിയുടെ യുദ്ധസ്മരണകളെക്കുറിച്ചുള്ള കഥ അനിമേറ്റ് ചെയ്യുന്ന മുറികളിലുമാണ് ഇതു സംഭവിക്കുന്നത്! കുട്ടികൾ അവരുടെ സ്മാർട്ട് ഫോണുകളിൽ ബംഗാളി ഡിറ്റക്ടീവ് സീരീസ് കാണുന്ന ഗ്രാമങ്ങളിലും, നിർമിതബുദ്ധിയിലൂടെ തമിഴ് ലിപികൾ പതിനേഴ് ഇന്ത്യൻ ഭാഷകളിലേക്കു ഡബ്ബ് ചെയ്യുന്ന സ്റ്റുഡിയോകളിലുമാണ് ഇതു സംഭവിക്കുന്നത്.
കലയുടെയും കോഡിന്റെയും വഴിത്തിരിവിലുള്ള ഇന്ത്യയാണിത്. ഇതാണ് നമുക്കു മുന്നിലുള്ള നിർണായക നിമിഷം. വിസ്ഫോടനം കാത്തിരിക്കുന്ന സോഫ്ട് പവർ വളരെക്കാലമായി, ഇന്ത്യൻ സിനിമയെ വിലയിരുത്തുന്നത് ബോളിവുഡിന്റെ ബോക്സ് ഓഫീസോ അതിന്റെ അന്താരാഷ്ട്ര ഉത്സവാഘോഷങ്ങളോ അടിസ്ഥാനമാക്കിയാണ്. അത് ഇടുങ്ങിയ ദർപ്പണമായിരുന്നു. നാടോടി റിയലിസം, ഗോത്ര ഐതിഹ്യം, ഇൻഡി അനിമേഷൻ, താഴേത്തട്ടിലുള്ള ഗെയിമിങ് എന്നിങ്ങനെ, തൊണ്ണൂറുകളിൽ വിപണനം ചെയ്യാൻ കഴിയാത്തതും എന്നാൽ ഇന്ന് ധനസമ്പാദനം സാദ്ധ്യമാകുന്നതുമായ രൂപങ്ങളുടെ നിശബ്ദശക്തിയാണ് നമുക്കു നഷ്ടമായത്.
നിലവിലെ ഗവണ്മെന്റ്, ഈ ടെക്റ്റോണിക് മാറ്റം കാലേക്കൂട്ടി മനസിലാക്കുകയും വ്യക്തതയോടും ലക്ഷ്യത്തോടും അതിൽ പ്രവർത്തിക്കുകയും ചെയ്തു. വേവ്സ് 2025, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്, വേവ്എക്സെലെറേറ്റർ തുടങ്ങിയ സംരംഭങ്ങൾ നയതല അടയാളങ്ങൾ മാത്രമല്ല. ഇന്ത്യയുടെ സൃഷ്ടിപരമായ മൂലധനം ദേശീയ ആസ്തിയാണെന്നും കഥപറച്ചിൽ ഇനി സംസ്കാരത്തിന്റെ അലങ്കാര ഉപോത്പന്നമല്ലെന്നും, നയതന്ത്രത്തിന്റെയും നൂതനാശയത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചാ യന്ത്രമാണെന്നുമുള്ള പ്രഖ്യാപനങ്ങളാണവ.
കാരണം, കഥപറച്ചിൽ ഇനി വൈകാരികമായ ഒന്നു മാത്രമല്ല; സാമ്പത്തിക മൂലധനം കൂടിയാണ്. AVGC-XR മേഖല മാത്രം 2025 ആകുമ്പോഴേക്കും 45,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് പ്രതിവർഷം ഏകദേശം 17ശതമാനം നിരക്കിൽ വളരുകയാണ്. ഒ.ടി.ടി ഉള്ളടക്ക ഉപഭോഗം പ്രതിവർഷം 20 ശതമാനം വർദ്ധിക്കുന്നു. പ്രാദേശിക ഉള്ളടക്കത്തിന്റെ പ്രേക്ഷകരാണ് ഇപ്പോൾ മൊത്തം കാഴ്ചക്കാരുടെ 55 ശതമാനത്തിലധികവും. ഇതൊരു പ്രവണതയല്ല. രൂപം കൊള്ളുന്ന പുതിയ ഉള്ളടക്ക സമ്പദ്‌വ്യവസ്ഥയാണ്. ഇത്തവണ, ഇത് ബഹുഭാഷാപരവും ബഹു ഭൂമിശാസ്ത്രപരവുമാണ്.
ഐതിഹ്യത്തിന്റെ
വിപണിയിലേക്ക്
ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക തലസ്ഥാനമായി മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് മുംബയ്- ഡൽഹി കേന്ദ്രീകൃതമായി തുടരാനാകില്ല. ആഗോള കഥപറച്ചിലിലെ അടുത്ത കുതിപ്പ്, വളരെക്കാലമായി ഇന്ത്യയ്ക്ക് ഏറ്റവും തനതായ സാഹിത്യ- സംഗീത- ദാർശനിക സ്വരങ്ങളേകിയിട്ടുള്ള, കിഴക്കൻ, വടക്കുകിഴക്കൻ മേഖലയിൽനിന്ന് ഉയർന്നുവരണം. ഈ പ്രദേശങ്ങൾ അവികസിതമല്ല. അവ കൂട്ടിയിണക്കപ്പെടാത്ത ദേശങ്ങളാണ്. അവിടെ കഥകൾക്ക് കുറവേതുമില്ല. ആവോയുടെയും ഖാസിയുടെയും വാമൊഴി നിഗൂഢത മുതൽ ബംഗാളി സിനിമയുടെ കാവ്യാത്മക റിയലിസം വരെയും സാന്താൾ ഇതിഹാസങ്ങൾ മുതൽ ബോഡോ ശാസ്ത്ര കല്പിതകഥകൾ വരെയും അവ മൗലികതയാൽ നിറഞ്ഞിരിക്കുന്നു.
ഘടനാപരമായ വിപണികളിലേക്കും താങ്ങാനാകുന്ന ഉപകരണങ്ങളിലേക്കും വിതരണത്തിലേക്കും ശരിയായ വേദികളിലേക്കുമുള്ള പ്രവേശനമാണ് ചരിത്രപരമായി അവർക്കില്ലാത്തത്. ഭാഗ്യവശാൽ, ആ ഭാഗധേയം മാറാൻ തുടങ്ങിയിരിക്കുന്നു. ഉപയോഗിക്കപ്പെടാത്ത ഈ വൈദഗ്ദ്ധ്യത്തിന്റെ ഇടനാഴിയിലേക്കുള്ള തന്ത്രപരമായ കവാടമായി, ഇന്ന് കൊൽക്കത്ത ഉയർന്നുവരുന്നു. നിർമാണത്തിനു തയ്യാറായ സ്റ്റുഡിയോകൾ, പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധരുടെ സമൃദ്ധി, ലോകോത്തര നിർമാണാനന്തര സൗകര്യങ്ങൾ, പൈതൃകത്തെ പരീക്ഷണങ്ങളുമായി സംയോജിപ്പിക്കുന്ന ബൗദ്ധിക സംസ്കാരം എന്നിവയാൽ ബംഗാൾ ഇന്ത്യയുടെ അടുത്ത മികച്ച ഉള്ളടക്ക കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്.
കഥപറച്ചിലും
രൂപകൽപ്പനയും
ഡിജിറ്റൽ യുഗത്തിൽ, കഥകൾ 'ദി എൻഡി"ൽ അവസാനിക്കുന്നില്ല. അവ മീമുകൾ, ഗെയിമുകൾ, അനിമേറ്റഡ് സ്പിൻ-ഓഫുകൾ, ഇമ്മേഴ്‌സീവ് എക്സിബിറ്റുകൾ, AR അനുഭവങ്ങൾ എന്നിങ്ങനെ പുതിയ രൂപങ്ങളിലേക്കു തിരിയുന്നു. ഉള്ളടക്കം ഇനി നേർരേഖയിലല്ല; അതു ചാക്രികവും സംവേദനാത്മകവും ചലനാത്മകവുമാണ്. സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും കലാപരമായ സത്തയുടെയും അപൂർവ സംഗമത്തോടെ ഇന്ത്യ ഈ യുഗത്തിനു സവിശേഷമാം വിധം സജ്ജമാണ്.
കോഡ് ചെയ്യുന്ന കവികളുടെ രാഷ്ട്രമാണ് നമ്മുടേത്. നമ്മുടെ ചലച്ചിത്രകാരന്മാർ കാവ്യാത്മകമായി ചിന്തിക്കുന്നു. നമ്മുടെ അനിമേറ്റർമാർ സാങ്കല്പികതയിൽ നിന്ന് അൽഗോരിതങ്ങൾ നിർമിക്കുന്നു.
സർഗാത്മക വിഭാഗത്തിൽ ഗവണ്മെന്റിന്റെ നിശബ്ദ പന്തയം സമീപകാല ഓർമകളിൽ ഇതാദ്യമായാണ്, വാണിജ്യത്തിലോ ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലോ മാത്രമായല്ലാതെ, ദേശീയ ശേഷി എന്ന നിലയിൽ സർഗാത്മകതയിലും ഭാരത സർക്കാർ വലിയ തോതിൽ പന്തയം വയ്ക്കുന്നത്. ധനസഹായങ്ങൾ, സ്റ്റാർട്ടപ്പ് പ്രോത്സാഹനങ്ങൾ, സഹ-നിർമ്മാണ വേദികൾ, 'വേവ്സ്" പോലുള്ള ഉത്സവങ്ങൾ എന്നിവയിലൂടെ സ്വപ്നം കാണാനുള്ള അവകാശം അതു പുനർവിതരണം ചെയ്യുന്നു. നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കപ്പെടാൻ നിങ്ങൾക്ക് സിനിമയിൽ കുടുംബ പാരമ്പര്യം ആവശ്യമില്ല എന്നു വിളിച്ചുപറയുന്നു. നിങ്ങൾ ജോർഹാട്ടിൽ നിന്നോ ജൽപായ്ഗുരിയിൽ നിന്നോ ഉള്ളവരാകാം. നിങ്ങൾ ജുഹുവിന്റെ ഇടനാഴികളിലൂടെ നടക്കേണ്ടതില്ല. നിങ്ങൾക്കു വേണ്ടത് കഥയും അതിനെ ജീവിക്കാൻ അനുവദിക്കുന്ന ഘടനയുമാണ്.
ഇവിടെയാണ് എളിയ നിർദേശം ഉയർന്നുവരുന്നത്: നയതന്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയെ സോഫ്ട് പവറിന്റെ മഹാശക്തിയായി ഈ സർക്കാർ പുനഃസ്ഥാപിച്ചതു പോലെ, മെട്രോകൾക്കപ്പുറത്തേക്ക് ഈ ഉച്ചകോടികൾ കൊണ്ടുപോകുന്നതിലൂടെ ഇന്ത്യയ്ക്ക് ഇപ്പോൾ ഒരു പടി കൂടി മുന്നോട്ടു പോകാം. വേവ്സ് അടുത്തതായി കൊൽക്കത്തയിൽ സംഭവിക്കട്ടെ. അടുത്ത അനിമേഷൻ ലാബ് ഗുവാഹട്ടിയിൽ നടക്കട്ടെ. ഇന്ത്യയിലെ ആദ്യത്തെ ഗോത്ര കഥാവിപണി അഗർത്തലയിൽ ആരംഭിക്കട്ടെ. കാരണം, ഈ പ്രദേശങ്ങളിൽ നിന്നുള്ള സ്രഷ്ടാക്കൾ, ദേശീയ ശ്രദ്ധ ചുരുക്കം ചിലർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നു കാണുമ്പോൾ ഉയർന്നുവരും; അവരോടൊപ്പം ഇന്ത്യയും ഉയിർത്തെഴുന്നേൽക്കും.
കഥപറച്ചിലിന്റെ
വ്യവസായം
വ്യാപ്തിയുടേതു മാത്രമല്ല, മാനദണ്ഡങ്ങളുടെയും സംസ്കാരം എന്നാൽ കഥപറച്ചിലിന്റെ ഈ റിപ്പബ്ലിക് തഴച്ചുവളരണമെങ്കിൽ വ്യവസായത്തിലെ നമ്മളും വികസിക്കേണ്ടതുണ്ട്. പുറം കാവൽക്കാരിൽ നിന്ന് ചട്ടക്കൂടു നിർമിക്കുന്നവരിലേക്ക് നാം മാറേണ്ടതുണ്ട്. കഥകൾ സ്വന്തമാക്കുന്നതു മുതൽ കഥാകാരന്മാരെ പ്രാപ്തരാക്കുന്നതിലേക്കുവരെ എത്തിച്ചേരേണ്ടതുണ്ട്. 'എന്താണ് ROI" എന്നു ചോദിക്കുന്നതിൽ നിന്ന് 'ഈ പ്രതിഭയെ അവഗണിക്കുന്നതിന്റെ നഷ്ടസാദ്ധ്യത എന്താണ്?"എന്നു ചോദിക്കുന്നതിലേക്കു മാറേണ്ടതുണ്ട്.
കാരണം, നാമിപ്പോൾ ഈ ആഖ്യാന വാസ്തുവിദ്യ കെട്ടിപ്പടുത്തില്ലെങ്കിൽ മറ്റൊരാൾ അതു ചെയ്യും. നമുക്കു നയിക്കാമായിരുന്ന സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കാൻ നാം ഭഗീരഥപ്രയത്നം നടത്തേണ്ടിവരും.
വേവ്‌സ് 2025, സ്രഷ്ടാക്കൾ, കോഡർമാർ, നിർമാതാക്കൾ, നയരൂപകർത്താക്കൾ എന്നിവരെ ഒന്നിച്ചു ചേർക്കുന്നു. ഇത് ഇമ്മേഴ്സീവ് സാങ്കേതികവിദ്യ, യഥാർഥ ഐപി, ഇന്ത്യയുടെ ആഖ്യാനതന്തു എന്നിവ പ്രദർശിപ്പിക്കുന്നു. എന്നാൽ, അതിന്റെ യഥാർഥ സ്വാധീനം നാടകീയതയിലല്ല; മറിച്ച്, അത് എന്താണു സൂചിപ്പിക്കുന്നത് എന്നതിലാണ്. ആഗോള വിനോദത്തിന്റെ അടുത്ത അദ്ധ്യായം ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ് അല്ലെങ്കിൽ കൊറിയൻ ഭാഷകളിൽ മാത്രം എഴുതപ്പെടില്ല. അസമീസ്, ബംഗ്ലാ, നാഗാമീസ്, ഒറിയ, നേപ്പാളി, മിസോ അല്ലെങ്കിൽ ഗാരോ ഭാഷകളിൽ ഇത് ഉയർന്നുവരും. അത് കൂട്ടായ്മയിൽ നിർമിച്ചതും കോഡുകൾ ചേർത്തതും 4K-യിൽ സ്ട്രീം ചെയ്തതും ലോകത്തിനായി സബ്ടൈറ്റിൽ ചെയ്തതുമായിരിക്കും.