തീരം പുനർനിർമാണ പദ്ധതിക്ക് തുടക്കമായി

Thursday 17 April 2025 3:30 AM IST

വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്തെ പുനർനിർമ്മാണ പദ്ധതിക്ക് തുടക്കമായി. ശക്തമായ തിരയിൽ മണലുകൾ ഒലിച്ചുപോയി തീരം നഷ്ടപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങളും വലയും സൂക്ഷിക്കാൻ പ്രയാസമായിരുന്നു. അതിനാൽ തീരം സുരക്ഷിതമാക്കാൻ പദ്ധതി തയ്യാറാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.

പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി സാൻഡ് പമ്പ് രണ്ടുദിവസം മുൻപ് വിഴിഞ്ഞത്ത് എത്തിച്ചു.ഇത് ഉപയോഗിച്ച് കടലിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് ജിയോബാഗിൽ നിറയ്ക്കും. ഇത് കരയോടടുത്ത് ഒരു മീറ്ററോളം ആഴത്തിൽ നിക്ഷേപിക്കും. ഇതോടെ ഈ ഭാഗങ്ങളിൽ തടയണ രൂപപ്പെടും. ഇത്തരത്തിൽ രൂപപ്പെടുന്ന തടയണയ്ക്കുള്ളിൽ മണ്ണ് നിറച്ചാണ് തീരം പുനഃസൃഷ്‌ടിക്കുന്നത്. വള്ളങ്ങൾക്ക് കേടുവരാത്ത വിധമാകും ബാഗുകൾ സജ്ജമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

കോസ്റ്റ് ഗാർഡ് പുതിയ ബർത്തിനു സമീപത്തുനിന്ന് നോമാൻസ് ലാൻഡ് ഭാഗത്തേക്ക് 80 മീറ്ററും ഫിഷ‌ാൻഡ് ഭാഗത്തുനിന്ന് 180 മീറ്ററും ദൂരത്തിലുമാണ് ആദ്യഘട്ടം തീരം നിർമിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 77 ലക്ഷം രൂപയുടെ പദ്ധതി ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.