തളിപ്പറമ്പിൽ വെളിച്ചെണ്ണ മില്ലിൽ വൻതീപിടിത്തം അരക്കോടിയുടെ നഷ്ടം

Wednesday 16 April 2025 9:03 PM IST

തീപിടിത്തം ഇരുനിലകെട്ടിടത്തിൽ  മറ്റു കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചു തീ പൂർണമായും അണഞ്ഞത് ഇന്നലെ ഉച്ചയോടെ

തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ ശാദുലി പള്ളിക്ക് സമീപമുള്ള മുതുകുട ഓയിൽ മിൽ കത്തി നശിച്ചു. കന്നാസിലും. ബാരലിലും ആയി ഉണ്ടായിരുന്ന 1500 ലിറ്റർ വെളിച്ചെണ്ണയും കൊപ്രയും തേങ്ങയും പിണ്ണാക്കും കത്തി നശിച്ചു. രണ്ട് നിലകളിലായി പത്തു മുറികളിൽ ഒൻപത് മുറികളിലാണ് തീപിടുത്തം ഉണ്ടായത് '

മുതുകുട സ്വദേശിയും ഇപ്പോൾ അണ്ടിക്കളം നന്മ ഓഡിറ്റോറിയം ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ യൂണിറ്റ് പ്രസിഡന്റും യു.എം.മുഹമ്മദ്‌കുഞ്ഞി ഹാജിയുടേതാണ് കത്തിനശിച്ച മില്ല്. ഇന്നലെ പുലർച്ചെ 3.15 ഓടെയാണ് അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടത്. മാർക്കറ്റിലേക്ക് സാധനങ്ങളുമായെത്തിയ ലോറിയുടെ ഡ്രൈവർമാരാണ് തീ പടരുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ പൊലീസിലും വൈദ്യുതി ഓഫീസിലും വിവരം അറിയിച്ചു . എസ്.ഐമാരായ ദിനേശൻ കൊതേരി, ദാമോദരൻ, വി.വി.ഗോപിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തളിപ്പറമ്പ് ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാൽ ആദ്യഘട്ടത്തിൽ പുറത്ത് നിന്ന് വെള്ളമൊഴിച്ച് അണക്കാനാണ് ശ്രമിച്ച ത്. പിന്നീട് അകത്തെ പുക പുറത്തേക്ക് വലിച്ചെടുക്കുന്ന എക്സോസ് ഗ്ലോവർ എന്ന ഉപകരണത്തിലൂടെ അഗ്നിബാധ അൽപ്പം കുറച്ച ശേഷമാണ് ഷട്ടറുകളും ഗ്രിൽസും ഉൾപ്പെടെ തകർത്ത് ഫയർഫോഴ്‌സ് അകത്ത് കടന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു..

തളിപ്പറമ്പിൽ നിന്നുള്ള മൂന്ന് യൂണിറ്റുകളും കണ്ണൂർ, മട്ടന്നൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഒന്നുവീതം യൂണിറ്റും ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഇരുപതോളം ഓളം ടാങ്കുകളിൽ ചിറയിൽ നിന്ന് വെള്ളം നിറച്ചുകൊണ്ടുവന്നിരുന്നു.കണ്ണൂർ യൂണിറ്റിന്റെ 12,000 ലിറ്റർ വെള്ളം ഉൾകൊള്ളുന്ന ടാങ്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തളിപ്പറമ്പ് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവൻ, സീനിയർ ഫയർ ഓഫീസർ എം.വി അബ്ദുള്ള ,പയ്യന്നൂർ യൂണിറ്റിലെ സീനിയർ ഫയർ ഓഫീസർ വിജയൻ, മട്ടന്നൂർ യൂണിറ്റിലെ സീനിയർ ഫയർ ഓഫീസർ സുരേന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.

കെട്ടിടം പൂർണമായും തകർന്ന നിലയിൽ

പത്ത് മുറികളുള്ള മില്ലിലെ ഒമ്പത് മുറികളിലും തീ ആളിപ്പിടിച്ചിരുന്നു. തീപിടിക്കാതിരുന്ന ഓഫീസ് മുറിയിൽ നിന്ന് ഷട്ടർ തുറന്ന് രേഖകളും മറ്റും പുറത്തെത്തിക്കാൻ കഴിഞ്ഞു. കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത വിധം പൂർണമായും നശിച്ച നിലയിലാണ്. ടൺ കണക്കിന് കൊപ്രയും വലിയ ടാങ്കിലും കന്നാസിലും സൂക്ഷിച്ച 1500 ലിറ്റർ വെളിച്ചെണ്ണയും പിണ്ണാക്കും പച്ചതേങ്ങയും ഡയർ മെഷീനും എക്സസ്പെൻഡർ മെഷീനും ഫിൽട്ടറും ഉൾപ്പെടെ സകലതും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.

രക്ഷാപ്രവർത്തനത്തിൽ കൈമേയ് മറന്ന് പങ്കാളികളായി

തൊട്ടടുത്ത നിരവധി കടകളുള്ള ശാദൂലി പള്ളിക്ക് സമീപത്തുണ്ടായ തീപിടിത്തത്തിന്റെ ആഘാതം കുറച്ചത് ഫയർഫോഴ്സിനും പൊലീസിനും പുറമെ വ്യാപാരികളും മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡും തൊഴിലാളികളുമടങ്ങുന്നവരുടെ കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം. അഗ്നിബാധ നടന്ന വിവരം അറിഞ്ഞയുടൻ വ്യാപാരി നേതാവ് കെ.എസ്.റിയാസ് ,താജുദീൻ, ജയരാജൻ തുടങ്ങിയ വ്യാപാരി നേതാക്കളും പ്രദേശത്തെ ചുമട്ടുതൊഴിലാളികളും മാർക്കറ്റിലെ മത്സ്യവിൽപ്പനക്കാരും തൊട്ടടുത്ത പള്ളിയിലെത്തിയവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. മുൻ ചുമട്ട് തൊഴിലാളിയായ മക്കി സിദ്ദിഖ് , ജില്ലാ വൈസ് ക്യാപ്റ്റൻ ബപ്പു അഷ്റഫ്, മണ്ഡ‌ലം വൈസ് ക്യാപ്റ്റൻ ഹനീഫ മദ്രസ എന്നിവരുടെ നേത്യത്വത്തിലെത്തിയ വൈറ്റ് ഗാർഡും ഏറെ അദ്ധ്വാനിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അശ്രാന്തപരിശ്രമത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് തീ പൂർണമായും അണച്ചത്. ആളിക്കത്തുന്ന മില്ലിനകത്തേക്ക് ഊഴമിട്ട് കയറിയാണ് ഫയർഫോഴ്‌സ് രക്ഷാപ്രവർത്തന പദ്ധതി വിജയിപ്പിച്ചെടുത്തത്.

സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ എം.എൽ.എ. നഗരസഭ ചെയർപേഴ്സ‌ൺ മുർഷിദ കൊങ്ങായി, സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, സി.പി.എം നേതാക്കളായ കെ.സന്തോഷ്, ടി.ബാ ലകൃഷ്ണൻ അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.