വി.പി.പി മുസ്തഫ ,സിജി മാത്യു, ഇ.പത്മാവതി എന്നിവരെ ഉൾപ്പെടുത്തി സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ്

Wednesday 16 April 2025 9:29 PM IST

മുതിർന്ന അംഗങ്ങളായ വി.കെ.രാജനും സി.പ്രഭാകരനും സ്ഥാനനഷ്ടം

കാസർകോട്: വി.കെ.രാജൻ, സി.പ്രഭാകരൻ എന്നിവരെ ഒഴിവാക്കിയും ഡോ.വി.പി.പി മുസ്തഫ, സിജി മാത്യു, എം.പത്മാവതി എന്നിവരെ ഉൾപ്പെടുത്തിയും സി.പി.എം കാസർകോട് ജില്ലാസെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മറ്റി അംഗം കെ.കെ.ശൈലജ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ ചേർന്ന യോഗമാണ് ജില്ലാ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്.

സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും അടുത്തടുത്ത് വന്നതിനാലാണ് കാസർകോട് ജില്ലാസെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് നീണ്ടത്. ഇന്നലെ വിദ്യാനഗറിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നാണ് സെക്രട്ടറിയേറ്റ് അംഗങ്ങളെ നിശ്ചയിച്ചത്.

തൃക്കരിപ്പൂരിൽ നിന്ന് ഡോ.വി.പി.പി മുസ്തഫ ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയതും നേരത്തെ ഉൾപ്പെട്ടിരുന്ന വി.കെ.രാജൻ, സി.പ്രഭാകരൻ എന്നിവർ ഒഴിവാക്കപ്പെട്ടതുമാണ് സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പിൽ എടുത്തുപറയാവുന്ന മാറ്റം. പുതുമുഖങ്ങളായി സിജി മാത്യു , എം.പത്മാവതി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

എം.വി.ഗോവിന്ദൻ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിനെ തുടർന്നാണ് നേരത്തെ വി.പി.പി.മുസ്തഫ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയിട്ടും പിന്നീട് ജില്ലാ സെക്രട്ടറിയേറ്റിൽ പുനഃപ്രവേശനം നൽകിയിരുന്നില്ല.ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ, പി.ജനാർദ്ദനൻ, കെ.വി.കുഞ്ഞിരാമൻ, കെ.ആർ.ജയാനന്ദ, സാബു എബ്രഹാം, വി.വി.രമേശൻ,എം. സുമതി എന്നിവരാണ് മറ്റ് അംഗങ്ങൾ.