കൂട്ട ആത്മഹത്യ: രണ്ട് ജീവനക്കാരുടെ മൊഴിയെടുത്തു

Thursday 17 April 2025 1:44 AM IST

കട്ടപ്പന: കടബാദ്തധ്യെയ തുടർന്ന് ഉപ്പുതറ ഒൻപതേക്കറിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം ആരോപിച്ച കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ കല്ലട ജനറൽ ഫിനാൻസിലെ രണ്ട് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപെടുത്തി. ഏപ്രിൽ 10ന് വൈകിട്ട് നാലരയോടെ പട്ടത്തമ്പലം സജീവ് മോഹനൻ (36), ഭാര്യ രേഷ്മ (25), മക്കളായ ദേവൻ (5), ദിയ (4) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഉപ്പുതറ പൊലീസ് മൊഴിയെടുത്തത്. സജീവ് ഓട്ടോറിക്ഷ പണയപ്പെടുത്തി ഈ സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് രണ്ടുതവണ മുടങ്ങിയതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം എഴുതിയിരുന്നു. അതേ സമയം സജീവിനും കുടുംബത്തിനും മറ്റ് കടബാധ്യതകളും ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. സജീവിന് 11.50 ലക്ഷം രൂപയുടെ കടവും, കൂടാതെ ഭാര്യയ്ക്കും സാമ്പത്തിക ബാധ്യതകളുണ്ടെന്നും വിവരമുണ്ട്. ഓട്ടോറിക്ഷ മറ്റൊരാൾക്ക് പണയപ്പെടുത്തി പണം വാങ്ങിയതായും പൊലീസിന് സൂചനയുണ്ട്. വിവിധ ചെറുകിട ബിസിനസിലും കെട്ടിടങ്ങളുടെ ഉപകരാർ എടുത്ത വകയിലും കടബാധ്യതകൾ ഉള്ളതായും വിവരമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴികൾ രേഖപെടുത്തുമെന്നാണ് സൂചന.