പാസുമായി ഇനി രഘുരാമൻ വരില്ല
തിരുവനന്തപുരം: തലസ്ഥാനത്തെ കലാകാരന്മാരുടെ ഉറ്റ തോഴൻ പാസ് പോറ്റി എന്നറിയപ്പെടുന്ന കോട്ടയ്ക്കകം പടിഞ്ഞാറെ നട എ.ആർ.എ-103-ൽ ടി.സി 80 /541(പഴയത്-37/ 479) ഭരദ്വാജവിലാസത്തിൽ എൻ.രഘുരാമൻ (79)നിര്യാതനായി. സംസ്കാരം ഇന്നലെ നടന്നു.
ജി.ദേവരാജൻ മെമ്മോറിയൽ ട്രസ്റ്റും ദേവരാഗപുരം ജി.ദേവരാജൻ മ്യൂസിക് അക്കാഡമിയും ചേർന്ന് ഭാരത് ഭവനിൽ സംഘടിപ്പിച്ച ജി.ദേവരാജൻ -പി.ജയചന്ദ്രൻ അനുസ്മരണ വേദിയിൽ രഘുരാമനെ ആദരിച്ചിരുന്നു. അതേ വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹം ഒരുമാസത്തോളം ചികിത്സയിലായിരുന്നു. വട്ടിയൂർക്കാവ് വി.എസ്.എസ്.സിയിലെ ഭരണവിഭാഗം ഉദ്യോഗസ്ഥനായിരുന്നു. സംഗീത പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം സംഗീതരംഗത്തെ പ്രസിദ്ധരുമായി വളരെ ആത്മബന്ധം പുലർത്തിയിരുന്നു. നഗരത്തിലെ കലാപരിപാടികളുടെ വിവരങ്ങൾ ആസ്വാദകരിലെത്തിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു. തനിക്കുണ്ടായിരുന്ന വിപുലമായ സൗഹൃദങ്ങളെ ഇതിനായി അദ്ദേഹം ഉപയോഗിച്ച് എല്ലാവർക്കും പരിപാടികളുടെ പ്രവേശനപാസ് എത്തിച്ചിരുന്നതിനാൽ പാസ് പോറ്റി എന്നാണ് സുഹൃത് വലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. കലാസാംസ്‌ക്കാരിക വേദിയുടെ അംബാസഡറായും അറിയപ്പെട്ടിരുന്നു. അരനൂറ്റാണ്ടു കാലത്തെ സംഗീത സൗഹൃദത്തിനിടയിൽ വിവിധ സംഘടനകൾ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഡോ.കെ.ഓമനക്കുട്ടി, എം.ജയചന്ദ്രൻ,പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്ന് ആദരിച്ച വഴുതക്കാട് ഭാരത് ഭവൻ വേദിയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത് കുഴഞ്ഞുവീണത്. ഭാര്യ പരേതയായ കലാവതി അമ്മാൾ.മക്കൾ:രത്‌നാവതി (പ്രോവിഡന്റ് ഫണ്ട്,എറണാകുളം),ഗിരീഷ് (ദി ഹിന്ദു,തിരുവനന്തപുരം). മരുമകൾ:പ്രീതി.എ.