വരുംവർഷത്തേക്ക് മൺപാത്രങ്ങൾ ഒരുക്കാൻ എരിക്കുളം വയലിൽ മണ്ണെടുപ്പ് തുടങ്ങി

Wednesday 16 April 2025 9:59 PM IST

മണ്ണെടുപ്പ് ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ഉത്സവാന്തരീക്ഷത്തിൽ

നീലേശ്വരം: കേരളത്തിലെ പരമ്പരാഗത മൺപാത്ര നിർമ്മാണകേന്ദ്രങ്ങളിലൊന്നായ എരിക്കുളത്ത് അടുത്ത ഒരു വർഷത്തേക്കുള്ള മൺകലങ്ങൾ നിർമ്മിക്കുന്നതിനായി ആചാരവിധി പ്രകാരം മണ്ണ് ശേഖരിച്ചു തുടങ്ങി. ഉത്സവാന്തരീക്ഷത്തിൽ പ്രത്യേക ആചാരാനുഷ്ഠാനങ്ങളോടെയാണ് മണ്ണ് ശേഖരണം.

മേടം രണ്ടു മുതൽ പത്തു ദിവസമാണ് ഇവർ മണ്ണ് ശേഖരിക്കുന്നത്. വിഷു ദിനത്തിൽ എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വിളക്ക് കത്തിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും വിളക്ക് തെളിയും. എരിക്കുളം വയലിൽ നിന്നാണ് ഒരു വർഷത്തേക്ക് മൺകലം ഉണ്ടാക്കാൻ വേണ്ടിയുളള മണ്ണെടുക്കുന്നത്. ഏരിക്കുളം വയൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റേയും ചില സ്വകാര്യ വ്യക്തികളുടെയും കൈവശമാണ്. വയലിൽ നിന്ന് മണ്ണെടുക്കാൻ പ്രതിഫലം ആരും വാങ്ങില്ല. മണ്ണെടുപ്പിന് വിലക്കുമില്ല. എടുക്കുന്ന മണ്ണ് ഏകദേശം 5 മീറ്ററോളം ഉയരത്തിൽ കൂനയാക്കി വെക്കും. പാത്ര നിർമ്മാതാക്കളെ സഹായിക്കാൻ മറ്റുള്ളവരുമുണ്ടാകും.

വെയിലും മഴയും കൊണ്ട് പാകപ്പെടും

വയലിൽ നിന്ന് എടുക്കുന്ന മണ്ണ് വീടിനടുത്തുള്ള പ്രത്യേകം കുഴിയിലാണ് നിക്ഷേപിക്കുന്നത്.ഈ മണ്ണ് ഒരു വർഷം വെയിലും മഴയും കൊണ്ടാൽ മാത്രമെ പാത്രം ഉണ്ടാക്കാനുള്ള പാകത്തിൽ എത്തുകയുള്ളു. പിന്നീട് അവരവരുടെ സൗകര്യത്തിനനുസരിച്ചാണ് പാത്രനിർമ്മാണം. എന്നാൽ ഇത്രയും പ്രയാസങ്ങൾ സഹിച്ച് നി‌ർമ്മിക്കുന്ന പാത്രങ്ങൾ വിൽക്കാനോ മികച്ച വില ഉറപ്പുവരുത്താനോ കഴിയാത്തത് മൺപാത്ര വ്യവസായത്തിന് വലിയ തിരിച്ചടിയാകുന്നുണ്ട്.