അദ്ധ്യയനം പൂർത്തിയായിട്ടും ശമ്പള കുടിശിക കിട്ടാതെ സ്കൂൾ പാചക തൊഴിലാളികൾ

Thursday 17 April 2025 2:21 AM IST

ആലപ്പുഴ: പുതിയ അദ്ധ്യയന വർഷത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടും, കഴിഞ്ഞ അദ്ധ്യയന കാലത്ത് പാചകം ചെയ്തതിന്റെ കൂലി കാത്തിരിക്കുകയാണ് സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളമാണ് നിലവിൽ കുടിശ്ശിക. 2010ൽ നൂറ് രൂപയായിരുന്ന പ്രതിദിന വേതനം സംസ്ഥാന ബഡ്ജറ്റിലൂടെ ഓരോ വർ‌ഷവും 50 രൂപ വീതം 2021 വരെ വർദ്ധിപ്പിച്ച് 650 രൂപയിലെത്തി. എന്നാൽ രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ ബഡ്ജറ്റുകളിൽ നിരാശയായിരുന്നു ഫലം. കർശനമാനദണ്ഡം കാരണം അമിത ജോലിഭാരം പേറുന്നവരാണ് അധികവും. സഹായിയെ വച്ചാൽ അവർക്കുള്ള വേതനം കൈയിൽ നിന്ന് നൽകണം. തൊഴിലാളികളിൽ 99 ശതമാനവും സ്ത്രീകളാണ്. വിരമിക്കൽ പ്രായമോ, ആനുകൂല്യങ്ങളോ ഇല്ല.

അതിജീവന സമരത്തിനൊരുങ്ങുന്നു

വേതന, ആനുകൂല്യ, അവകാശ നിഷേധത്തിനെതിരെ സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) 22 മുതൽ 26 വരെ സെക്രട്ടറിയേറ്റിന് മുന്നിൽ അതിജീവന സമരം നടത്തും. 22ന് രാവിലെ 10ന് അഞ്ഞൂറ് പാചക തൊഴിലാളികളുടെ രാപ്പകൽ സമരം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് 5 മണിക്ക് ചേരുന്ന സമാപന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിന്ന് 200 തൊഴിലാളികൾ 26ന് സമരത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി ബി.നസീർ, ഉപജില്ലാ സെക്രട്ടറി എം.എം.മായ, പ്രസിഡന്റ് സന്തോഷ് ബെൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൽ.മഹേശ്വരി എന്നിവർ അറിയിച്ചു.

ജില്ലയിൽ 800ലധികം തൊഴിലാളികൾ

#സന്നദ്ധ സേവകരായാണ് പാചകത്തൊഴിലാളികളെ കണക്കാക്കുന്നത്

#ജോലിക്കിടെ മരിച്ചാൽ പോലും സാമ്പത്തികാനുകൂല്യത്തിനവകാശമില്ല

# പ്രസവകാല ആനുകൂല്യമുൾപ്പടെ അന്യം

#മെഡിക്കൽപരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ രണ്ടായിരം രൂപയിലധികം ചെലവ്

#പൊതു അവധിയോ പഠിപ്പ് മുടക്കോ വന്നാൽ അന്നത്തെ വേതനം നഷ്ടമാകും

ചെയ്ത ജോലിയുടെ കൂലിക്ക് വേണ്ടി തൊഴിലാളികൾ സമരം നടത്തണമെന്ന നിലയിലെത്തിയിരിക്കുന്നു

- ബി.നസീർ, ജില്ലാ സെക്രട്ടറി, സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)​