സുപ്രീംകോടതിക്ക് ദളിത് ചീഫ് ജസ്റ്റിസ്,​ ബി.ആർ.ഗവായ് മേയ് 14ന് അധികാരമേൽക്കും

Thursday 17 April 2025 12:00 AM IST
ജസ്റ്റിസ് ബി.ആർ. ഗവായ്

ന്യൂഡൽഹി : ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീംകോടതിയുടെ 52ാമത് ചീഫ് ജസ്റ്രിസാകും. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രസർക്കാരിന് ഗവായിയുടെ പേര് നിർദ്ദേശിച്ചുകൊണ്ട് കത്തയച്ചു. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണനുശേഷം ദളിത് വിഭാഗത്തിൽനിന്ന് ഇന്ത്യൻ ജുഡിഷ്യറിയുടെ പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ ജഡ്‌ജിയാകും ഗവായ്. സഞ്ജീവ് ഖന്ന കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്‌ജിയാണ് ബി.ആർ. ഗവായ്.14ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഈ വർഷം നവംബർ 23 വരെയാണ് സർവീസ് കാലാവധി.

നാഗ്പൂർ സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്. 1985 മാർച്ചിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അഭിഭാഷനായി. 2000ൽ സർക്കാർ അഭിഭാഷകനായി. 2003 നവംബർ 14ന് ബോംബെ ഹൈക്കോടതി ജഡ്‌ജിയായി. 16 വർഷത്തെ സർവീസിനു ശേഷം 2019 മേയ് 24ന് സുപ്രീംകോടതി ജ‌ഡ്‌ജിയായി. മണിപ്പൂർ കലാപത്തിൽ എല്ലാം നഷ്‌ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്‌ജിമാരുടെ സംഘം സന്ദർശിച്ചിരുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ് അദ്ദേഹം.

 മുൻ ഗവർണറുടെ മകൻ

1960 നവംബർ 24ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഭൂഷൺ രാംകൃഷ്‌ണ ഗവായി എന്ന ബി.ആർ. ഗവായിയുടെ ജനനം. സാമൂഹിക നീതിക്കായി പോരാടുന്ന കുടുംബത്തിലെ അംഗം. പിതാവ് ആർ.എസ്. ഗവായ് റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ നേതാവും കേരള ഗവർണറുമായിരുന്നു. സിക്കിമിലും ബീഹാറിലും അദ്ദേഹം ഗവർണറായി. കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം ശരിവച്ച ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ഗവായ്. കേന്ദ്രസർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടന ബെഞ്ചിലും അംഗമായിരുന്നു.

വിവാദ ചരിത്രവിധികൾ

1. എസ്.സി/എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണമാകാമെന്ന ചരിത്രവിധി പുറപ്പെടുവിച്ചത് ബി.ആർ. ഗവായ് ഉൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കണമെന്ന് ഗവായ് ഉൾപ്പെടെ നാലു ജഡ്‌ജിമാർ വിധിയിൽ അഭിപ്രായപ്പെട്ടത് വിവാദമായി.

2. ബുൾഡോസർ നീതിക്ക് തടയിട്ട വിധി. കുടുംബാംഗം കേസിൽ പ്രതിയായെന്നോ, ശിക്ഷിക്കപ്പെട്ടെന്നോ ചൂണ്ടിക്കാട്ടി ബുൾഡോസർ ഉപയോഗിച്ചു വീട് പൊളിച്ചുമാറ്റുന്ന സംസ്ഥാനങ്ങളുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചു.

3. ജമ്മുകാശ്‌മീരിന്റെ പ്രത്യേകാധികാരം (അനുച്ഛേദം 370) റദ്ദാക്കിയ കേന്ദ്രനടപടി ശരിവച്ച അഞ്ചംഗ ബെഞ്ചിലെ അംഗമായിരുന്നു.