തിരുവാഭരണമോഷണം: കീഴ്ശാന്തിക്കായി അന്വേഷണം ഊർജ്ജിതം
അരൂർ:എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമടക്കം 20 പവൻ മോഷണം പോയ സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ കീഴ്ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസിൽ ഒ.ടി.രാമചന്ദ്രനെ പിടികൂടാൻ പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. സി.സി ടി.വി കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ഇയാൾ കൊല്ലത്തെ വീട്ടിൽ ഇതുവരേയും എത്തിയിട്ടില്ല. മറ്റ് സംസ്ഥാനത്തേക്ക് ഇയാൾ കടന്നു കളയാനുള്ള സാദ്ധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. അവധിയിലായിരുന്ന മേൽശാന്തി ശങ്കരനാരായണ റാവു ചൊവ്വാഴ്ച ഉച്ചയോടെ അരൂർ സ്റ്റേഷനിൽ ഹാജരായി പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഇദ്ദേഹം പൊലീസിന്റെ നിരീക്ഷണത്തിലാണ്. അരൂർ സി.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.