വിവാദങ്ങളിൽ മിണ്ടാതെ പൃഥ്വിരാജ്, പാട്ടു പാടി ദിവ്യ.എസ്. അയ്യർ
തിരുവനന്തപുരം:എമ്പൂരാൻ സിനിമയെക്കുറിച്ചുള്ള വിവാദങ്ങളെപറ്റി യാതൊന്നും മിണ്ടാതെയാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിച്ചത്.വിവാദങ്ങൾക്കു ശേഷം പങ്കെടുക്കുന്ന ആദ്യ പൊതുവേദിയായിരുന്നു കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 54-മത് സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങ്.കടുവ,താന്തോന്നി തുടങ്ങിയ ചിത്രങ്ങളിലെപോലെ വെള്ള കുർത്തയും മുണ്ടും ധരിച്ചാണ് നടനെത്തിയത്.കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെപറ്റി ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പറഞ്ഞെങ്കിലും പൃഥ്വിരാജ് മൗനം പാലിച്ചു.ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അൽഭുതമാണ് ആടുജീവിതമെന്ന് അദ്ദേഹം പറഞ്ഞു.സെല്ലുലോയ്ഡ് എന്ന ചിത്രത്തിൽ ജെ.സി.ഡാനിയലിന്റെ കഥാപാത്രം അവതരിപ്പിച്ചപ്പോൾ സംസ്ഥാന അവാർഡ് കിട്ടിയിരുന്നു.ജെ.സി.ഡാനിയേൽ പുരസ്കാരം ഷാജി.എൻ.കരുണിനു സമ്മാനിക്കുന്ന വേദിയിൽ മികച്ച നടനുള്ള അവാർഡ് വാങ്ങാനായതിൽ സന്തോഷമെന്നും അദ്ദേഹം കൂപറഞ്ഞു.വേദിയിലെത്തിയ മല്ലിക സുകുമാരൻ മകന് സ്നേഹചുംബനം നൽകി.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും വിഴിഞ്ഞം സീപോർട്ട് എം.ഡി ദിവ്യ.എസ്.അയ്യരിന്റെ പാട്ടിന്റെ നിറം കെട്ടില്ല.സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ക്ഷണിച്ചപ്പോൾ ലവലേശം മടിക്കാതെ ദിവ്യ വേദിയിലെത്തി.മീശമാധവൻ എന്ന ചിത്രത്തിലെ 'എന്റെ എല്ലാമെല്ലാം അല്ലേ..' എന്ന പാട്ടാണ് ദിവ്യ ആദ്യം ആലപിച്ചത്.തുടർന്ന് ഉർവശിയ്ക്കായി കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം എന്ന ഗാനം ആലപിച്ചു.
അവാർഡിനായി അഭിനയിച്ചിട്ടില്ല :ഉർവശി
ഒരു രംഗം പോലും അവാർഡ് മുന്നിൽകണ്ട് അഭിനയിച്ചിട്ടില്ലെന്ന് മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങിയ ഉർവശി പറഞ്ഞു.മഴവിൽക്കാവടിയിൽ ചുരുങ്ങിയ രംഗങ്ങളിൽ എത്തിയിട്ട് പോലും സംസ്ഥാന അവാർഡ് ലഭിച്ചു.മൂന്നാംകിട കച്ചവട സിനിമകളിലാണ് ഉർവശി അഭിനയിക്കുന്നതെന്ന് ചിലർ പറയുമായിരുന്നു.ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച സഹോദരിതുല്യയായ പാർവതിക്കും അവാർഡിൽ പങ്കുണ്ടെന്നും ഉർവശി പറഞ്ഞു.മികച്ച ജനപ്രിയ ചിത്രമടക്കം 9 അവാർഡുകൾ നേടിയ ആടുജീവിതത്തിന്റെ അണിയറപ്രവർത്തകർക്ക് അവാർഡ് നൽകിയപ്പോഴാണ് സദസിൽ ഏറ്റവും കൈയടി ഉയർന്നത്.
തിളങ്ങി സിൽവി ടീച്ചർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ(നിഷ്)ഇംഗ്ലീഷ് അദ്ധ്യാപികയായ സിൽവി മാക്സി മേന പരിപാടിയിൽ ആംഗ്യപരിഭാഷ നൽകി തിളങ്ങി.മന്ത്രിമാരുടെ പ്രസംഗങ്ങകൾക്ക് മാത്രമല്ല,സ്റ്റീഫൻ ദേവസിയുടെ സംഘം അവതരിപ്പിച്ച സംഗീത വിരുന്നിനും ആദ്യാവസാനം സിൽവി ആംഗ്യപരിഭാഷ നൽകി.അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും സിൽവി താരമായിരുന്നു.