വഴിച്ചേരി മാർക്കറ്റിൽ 1800 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

Thursday 17 April 2025 2:33 AM IST

ആലപ്പുഴ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആലപ്പുഴ നഗരസഭാ പരിധിയിലെ വഴിച്ചേരി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 1800 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. മാർക്കറ്റിലെ എസ്.ബി സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ സ്ട്രോ, ഗ്ലാസ്, വാഴയില മുതലായവ പിടികൂടിയത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും നഗരസഭാ ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കട ഉടമയ്ക്കെതിരെ തുടർ നടപടി സ്വീകരിക്കും. പിടികൂടിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നഗരസഭയുടെ എം.സി.എഫിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു സ്‌ക്വാഡിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സംഘത്തിൽ ജോയിന്റ് ബി.ഡി.ഒ ബിന്ദു വി.നായർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ.എസ്.വിനോദ്, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ആർ.റിനോഷ്, ശുചിത്വ മിഷൻ പ്രതിനിധി എം.ബി.നിഷാദ്, മലിനീകരണ നിയന്ത്രണ ബോർഡ് സാങ്കേതിക വിദഗ്ദ്ധൻ ഗോപകുമാർ, ജുനിയർ സുപ്രണ്ടുമാരായ എം.ഡി കരൺ, മിറ്റ്സി കെ.വർഗീസ്, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ സിജോ രാജു, സബ് ഇൻസ്പെക്ടർ എ.ജയേന്ദ്ര മേനോൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.