ക്രിഷാന്തിന്റെ ചിത്രത്തിൽ രജിഷ വിജയനും ദിവ്യപ്രഭയും നിരഞ്ജും
ക്രിഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനും ദിവ്യപ്രഭയും നിരഞ്ജ് മണിയൻപിള്ളയും പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം.ക്രിഷാന്ത് സംവിധാനം ചെയ്ത സംഭവ വിവരണം നാലരസംഘം എന്ന വെബ്‌സീരി സിൽ നിരഞ്ജയും വിഷ്ണു അഗസ്ത്യയും പ്രധാന വേഷം അവതരിപ്പിച്ചതാണ് . പുരസ്കാരങ്ങൾ ഏറെ നേടിയ വൃത്താകൃതിയുള്ള ചതുരം, ആവാസ വ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ക്രിഷാന്ത്. ഗഗനാചാരി എന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസറുമായിരുന്നു. കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച സംഘർഷ ഘടന (ദ ആർട്ട് ഓഫ് വാർഫെയർ) ആണ് ക്രിഷാന്തിന്റെ കഴിഞ്ഞ ചിത്രം. സനൂപ് പടവീടൻ, വിഷ്ണു അഗസ്ത്യ, ബാലു, രാഹുൽ, രാജഗോപാൽ എന്നിവരുടെ മികച്ച അഭിനയത്തിൽ ശ്രദ്ധേയമാണ് ചിത്രം.
ഇരുട്ടിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. ടെംപ്ളേറ്റിൽ ആണ് സംഘർഷ ഘടന ക്രിഷാന്ത് ഒരുക്കിയത്. വെറുമൊരു ഗ്യാങ്‌സ്റ്റർ ചിത്രമല്ല സംഘർഷ ഘടന, ഗാസ മുതൽ സിറിയ വരെ സംഘർഷത്തിൽപ്പെട്ട് ഇല്ലാതാകുന്ന കുട്ടികളുടെ ജീവിതം, ഇരകൾ അങ്ങനെ നീണ്ടുപോകുന്ന ലിസ്റ്റ് ചിത്രത്തിൽ പറയുന്നു.
മോഹൻലാലിനെ നായകനാക്കിയും ക്രിഷാന്ത് സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മണിയൻപിള്ള രാജു ആണ് നിർമ്മിക്കുന്നത്. അതേസമയം സർക്കീട്ട് ആണ് അജിത്ത് വിനായക ഫിലിംസ് നിർമ്മിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രം. മേയ് 8ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി ആണ് നായകൻ. പൂർണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രം ഫീൽഗുഡ് ഫാമിലി ഡ്രാമയാണ്. ദിവ്യപ്രഭ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻ സ്‌ഷാൻ എന്നിവരാണ് താമർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം അയാസ് ഹസൻ, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ: സംഗീത് പ്രതാപ്, ഗംഭീരം പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം ഒ.ടി.ടി റിലീസായി സോണി ലിവിൽ സ്ട്രീം ചെയ്ത ആയിരത്തൊന്നു നുണകൾ ആണ്.