താറാവുകളുടെ വാക്സിനേഷന് 'കണക്കില്ലാത്ത' വെല്ലുവിളി

Thursday 17 April 2025 4:44 AM IST

ആലപ്പുഴ: പക്ഷിപ്പനിക്ക് പിന്നാലെ താറാവുകളിൽ പ്ളേഗ്, പാസ്റ്റ‌ർല രോഗ ബാധ വ്യാപകമായിരിക്കെ,​ പ്രതിരോധ വാക്സിനേഷന് കടമ്പകളേറെ. കുട്ടനാട് മേഖലയിലെ താറാവുകളുടെ കണക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പക്കലില്ലാത്തതാണ് പ്രധാന വെല്ലുവിളി. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ താറാവുകൾ ഉൾപ്പടെയുള്ള പക്ഷികളുടെ വളർത്തലും കൈമാറ്റവുമെല്ലാം കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിരോധിച്ചത്. ഏതാണ്ട് ഒരുവർഷക്കാലം നീണ്ട നിരോധനം പിൻവലിക്കുകയും കുട്ടനാട്ടിൽ കർ‌ഷകർ താറാവ് വളർത്തൽ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാസ്റ്റർല രോഗബാധ അശങ്കയായി പടരുന്നത്.

താറാവിന് ആദ്യത്തെ മാസത്തിൽ കൊടുക്കുന്ന പ്ലേഗ് വാക്‌സിൻ,തുടർന്ന് 15 ദിവസത്തിനുള്ളിൽ നൽകുന്ന പാസ്​റ്റർല വാക്‌സിൻ എന്നിവ ജില്ലയിലെ മൃഗാശുപത്രികളിൽ ലഭിക്കാത്തതാണ് രോഗം വ്യാപകമാകാൻ കാരണം.

കുട്ടനാട്ടിൽ പക്ഷിവളർത്തലിന് കഴിഞ്ഞ ഒരുവർഷം നിരോധനമുണ്ടായിരുന്നതിനാൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് താറാവുകൾക്കുള്ള വാക്സിന് ഇന്റന്റ് നൽകാൻ കഴിയുമായിരുന്നില്ല. ഇനി ഇത് നൽകണമെങ്കിൽ പക്ഷികളുടെ എണ്ണം നൽകണം. അതായത്,​ വാക്സിൻ ലഭിച്ചാൽ തന്നെയും പക്ഷികളുടെ കണക്കെടുപ്പ് കാരണം പ്രതിരോധ കുത്തിവയ്പ്പ് ഇനിയും നീളാനുള്ള സാദ്ധ്യതയാണ് കാണുന്നത്.

തിരുവനന്തപുരം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വാക്സിനാണ് താറാവുകൾക്ക് നൽകേണ്ടത്. രോഗ ബാധയുടെ പേരിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുകയോ,​ താറാവുകളെ കൊന്നൊടുക്കുകയോ ചെയ്താൽ അത് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കും.

നടപടി വേഗത്തിലാക്കും

കുട്ടനാട്ടിൽ എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചതായി മൃഗ സംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

പാലോട് നിന്ന് ലഭിക്കുന്ന വാക്‌സിനുകൾ ജില്ലാ മൃഗാശുപത്രി വഴിയാണ് കർഷകർക്ക് വിതരണം ചെയ്യേണ്ടതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു.