കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് മർദ്ദനം: നടപടി വേണമെന്ന് പരാതി

Thursday 17 April 2025 1:36 AM IST

വർക്കല: വർക്കല കോടതി പരിസരത്തുനിന്നു കസ്റ്റഡിയിലെടുത്ത യുവാക്കളെ അഞ്ചുതെങ്ങ് എസ്.എച്ച്.ഒയും പൊലീസുകാരും ചേർന്ന് നടുറോഡിലിട്ട് മർദ്ദിച്ചെന്നും ശേഷം ഇവർ ലോക്കപ്പ് മർദ്ദനത്തിന് ഇരകളായെന്നും പരാതി. നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പട മഹോത്സകമ്മിറ്റി അംഗം അജിത്ത് (42), ഘോഷയാത്ര സ്വീകരണകമ്മിറ്റി അംഗങ്ങളായ ശ്യാം (34), സജിത്ത് (43), സജി (36) എന്നിവരാണ് തങ്ങളെ അന്യായമായി തടങ്കലിൽ വച്ചെന്നും മർദ്ദിച്ചെന്നും കാണിച്ച് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിക്കും മറ്റ് ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിക്കും ഹ്യൂമൻ റൈറ്റ്സ് അതോറിറ്റിക്കും പരാതി നൽകിയത്.

ഇക്കഴിഞ്ഞ 10ന് രാത്രി ക്ഷേത്രോത്സവ ഘോഷയാത്രയിൽ നാട്ടുകാരായ ചിലരും പൊലീസും തമ്മിൽ വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് ഈ യുവാക്കൾ പൊലീസിനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. അജിത്ത്, സജിത്ത് എന്നിവരെ ജീപ്പിൽ വിളബ്ഭാഗം പ്ലാവഴികം ജംഗ്ഷനിൽ ജീപ്പിൽ നിന്നിറക്കിയ ശേഷം എസ്.എച്ച്.ഒ പരസ്യമായി മർദ്ദിക്കുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു.പൊലീസ് മർദ്ദനം ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ് . ശ്യാമിനെയും സജിയേയും ഇവരുടെ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ശ്യാമിന്റെ ഇടത് ഷോൾഡറിലും വലത് കൈമുട്ടിലും എസ്.എച്ച്.ഒ ബൂട്ടിട്ട് ചവിട്ടിയപ്പോൾ മുറിവ് സംഭവിച്ചതായി പറയുന്നു. മർദിച്ചു അവശരാക്കിയ ശേഷം കേസെടുക്കാതെ വൈദ്യപരിശോധന മാത്രം നടത്തി യുവാക്കളെ സ്റ്റേഷനിൽ നിന്നു പറഞ്ഞുവിട്ടു. ഒരു പെറ്റികേസ് പോലുമില്ലാത്ത തങ്ങളെ എന്തിന് വേണ്ടിയാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ഉന്നത പൊലീസ് അധികാരികൾ അന്വേഷിക്കണമെന്നും പൊലീസ് മർദ്ദനത്തിൽ നടപടി വേണമെന്നും തങ്ങളുടെ കുടുംബത്തിന് നേരിട്ട മാനഹാനിക്ക് പരിഹാരം കാണണമെന്നും പരാതിയിൽ പറയുന്നു.