വീട്ടിലേക്ക് പടക്കം കത്തിച്ചെറിഞ്ഞ് ചോദ്യം ചെയ്തത് അക്രമത്തിൽ കലാശിച്ചു: രണ്ടുപേർ അറസ്റ്റിൽ

Thursday 17 April 2025 1:56 AM IST

കയ്പമംഗലം: വിഷുത്തലേന്ന് രാത്രിയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ അക്രമസംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുന്നക്കച്ചാൽ സ്വദേശി മടത്തിങ്കൽ വീട്ടിൽ ലാലു (53), കൈതവളപ്പിൽ അക്ഷയ് (20) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വിഷുത്തലേന്ന് രാത്രി പത്തോടെയായിരുന്നു സംഭവം.

അക്ഷയും സുഹൃത്ത് ആദിത്യനും ബീച്ചിന് സമീപത്തെ പറമ്പിൽ പടക്കം പൊട്ടിച്ചതിന്റെ വിരോധത്തിൽ ലാലു അക്ഷയിനെയും, ആദിത്യനെയും മർദ്ദിച്ചു. തുടർന്ന് ലാലു കത്തിയെടുത്ത് വീശിയതിൽ അക്ഷയ്‌യുടെ ഷോൾഡറിനും ആദിത്യന്റെ കഴുത്തിന്റെ ഭാഗത്തും ഗുരുതര പരിക്കേറ്റു. ഈ കേസിലാണ് ലാലുവിനെ അറസ്റ്റ് ചെയ്തത്. ലാലുവിന്റെ വീട്ടിലേക്ക് പടക്കം കത്തിച്ചെറിഞ്ഞ് പൊട്ടിച്ചത് ചോദ്യം ചെയ്ത ലാലുവിനെയും, ഭാര്യയെയും മർദ്ദിച്ച സംഭവത്തിനാണ് അക്ഷയിനെ അറസ്റ്റ് ചെയ്തത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ്, ജൈസൺ, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അൻവറുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ, ഗിൽബർട്ട് ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.