നാഷണൽ ഹെറാൾഡ് കേസ് നിയമപോരാട്ടത്തിന് കോൺ; വാദ്ര ഇന്നും ഹാജരാകണം
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ നിയമപോരാട്ടത്തിനായി ആലോചനകൾ തുടങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രതികളാക്കി ഡൽഹി റൗസ് അവന്യു കോടതിയിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണിത്. കുറ്റപത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിച്ചേക്കും. മുതിർന്ന അഭിഭാഷകരുമായി നേതൃത്വം കൂടിയാലോചന നടത്തിയെന്നാണ് വിവരം. കേസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റി സുമൻ ദുബെ തുടങ്ങിയവർ കൂട്ടുപ്രതികളാണ്. കുറ്റപത്രം സ്വീകരിക്കുന്നതിൽ പ്രത്യേക ജഡ്‌ജി ഏപ്രിൽ 25ന് വാദം കേൾക്കും.
പ്രതിഷേധം
രാഹുലിനും സോണിയയ്ക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച ഇ.ഡി നടപടിക്കെതിരെ ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഇ.ഡി ആസ്ഥാനത്തേക്ക് നീങ്ങാൻ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കുറ്റപത്രം മോദി സർക്കാരിന്റെ പരിഭ്രാന്തി തുറന്നുകാട്ടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. പ്രതിഷേധിക്കാൻ കോൺഗ്രസിന് അവകാശമുണ്ടെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. എന്നാൽ ഭൂമിയും പൊതുഫണ്ടും കൊള്ളയടിക്കാൻ അവർക്ക് അവകാശമില്ലെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.
വാദ്രയ്‌ക്ക് ചോദ്യംചെയ്യലിന്റെ
മൂന്നാംദിനം
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകണം. തുടർച്ചയായ മൂന്നാം ദിവസമാണിന്ന്. ഇന്നലെ അഞ്ചു മണിക്കൂറോളം ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച ആറു മണിക്കൂറോളം ചോദ്യംചെയ്‌തു. ഗുരുഗ്രാം ശികോഹ്പൂരിലെ 3.5 ഏക്കർ ഭൂമി ഏഴരക്കോടി രൂപ നൽകി വാദ്രയുടെ സ്കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫിന് ഈഭൂമി 58 കോടിക്ക് മറിച്ചുവിറ്റതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
കാത്തിരുന്ന് പ്രിയങ്ക
ഇന്നലെ രാവിലെ 11ന് ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വാദ്ര ഇ.ഡി ആസ്ഥാനത്തെത്തിയത്. ഓഫീസിനകത്തേക്ക് കയറുംമുൻപ് ഇരുവരും കെട്ടിപ്പിടിച്ചു. സന്ദർശക മുറിയിൽ കാത്തിരുന്നു. ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ വാദ്രക്കൊപ്പം പ്രിയങ്ക മടങ്ങി.
ഇ.ഡി ഓഫീസിനകത്തേക്ക് പോകുംമുമ്പ് റോബർട്ട് വാദ്രയെ കെട്ടിപ്പിടിക്കുന്ന പ്രിയങ്ക ഗാന്ധി