കുണ്ടൂരിലെ അതിരാത്ര ഓർമ്മകൾക്ക് 35 വയസ്

Thursday 17 April 2025 12:32 AM IST

മാള: കുണ്ടൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ നടന്ന ലോക ശ്രദ്ധ ആകർഷിച്ച അന്താരാഷ്ട്ര അതിരാത്രം നടന്നിട്ട് 35 വർഷം. അതിരാത്രത്തിന്റെ മുഖ്യ സംഘാടകൻ കുഴൂർ സ്വദേശി ഡോ. ടി.ഐ.രാധാകൃഷ്ണനും യജമാനൻ പാഞ്ഞാൾ മാമണ്ണ്

ഇട്ടിരവി നമ്പൂതിരിയുമായിരുന്നു. അതിരാത്രം പോലുള്ള ദൈവദിക യജ്ഞം ശാസ്ത്രീയമായ നിരീക്ഷണങ്ങൾക്കും പഠനത്തിനും വിധേയമാക്കിയത് ആദ്യമായാണ്. നാല് വിദേശരാജ്യങ്ങളിൽ നിന്നായി നിരവധി ശാസ്ത്രജ്ഞന്മാരും

സ്വദേശി ശാസ്ത്രജ്ഞന്മാരും എത്തിയിരുന്നു. അത്യാധുനിക ശാസ്ത്ര ഉപകരണങ്ങൾ വച്ചായിരുന്നു പഠനം നടത്തിയത്. പറക്കും സ്വാമി എന്നറിയപ്പെടുന്ന സ്വാമി വിഷ്ണു വേദാനന്ദയുടെ നേതൃത്വത്തിൽ കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ചെക്കോസ്ലാവാക്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരും എത്തിയിരുന്നു. ലണ്ടനിലെ ഹാരോ കോളേജിലെ കിർലിയൻ ഫോട്ടോഗ്രഫി ഗവേഷക റോസ്‌മേരി സ്റ്റിൽ മനുഷ്യശരീരത്തിലെ പ്രഭാവലയം രേഖപ്പെടുത്തുന്ന വിലയേറിയ കിർലിയൻ ക്യാമറയുമായാണ് അതിരാത്ര വേദിയിലെത്തിയത്. അതിരാത്രത്തിൽ ഉപയോഗിക്കുന്ന ധ്യാന്യങ്ങളുടെയും സസ്യങ്ങളുടെയും യാഗവേദിക്ക് പരിസരത്ത് വളരുന്ന ചെടികളെയും മരങ്ങളെയും പഠിക്കാൻ കോഴിക്കോട് സർവകലാശാലയിലെ സസ്യ ശാസ്ത്ര വകുപ്പ് തലവനായിരുന്ന മണിലാലും എത്തിയിരുന്നു. കുണ്ടൂരിൽ അതിരാത്രം നടന്ന 12 ദിവസങ്ങളിൽ അഞ്ചുദിവസവും ശക്തമായ മഴ പെയ്യുകയുണ്ടായി. വി.എസ്.രാമകൃഷ്ണൻ നായർ ജ്യോതിഷ പഠനവും കെ.പി.ബി.മേനോൻ മനശാസ്ത്ര പഠനവും മറ്റും നടത്തിയിരുന്നു. ഇഷ്ടിക കൊണ്ട് അന്ന് നിർമ്മിച്ച ഗരുഡാകൃതിയിലുള്ള ശ്യേന ചിതി ഇപ്പോൾ പുല്ലുമൂടിയ സ്ഥിതിയിലാണ്. ഇനിയൊരു അതിരാത്രം നടത്തുക അത്ര എളുപ്പമല്ല. 1990 ഏപ്രിൽ അവസാനം നടന്ന അതിരാത്രം കുണ്ടൂരിലെ പ്രായമായവരുടെ മനസിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു.

അതിരാത്രം നടത്തിയ ശ്യേന ചിതി പുല്ലു മൂടിയ നിലയിൽ. പിൻഭാഗത്തായി കുണ്ടുർ മഹാദേവക്ഷേത്രം