വിഭവ ശേഖരണത്തിന് അനുമതി വേണം

Thursday 17 April 2025 12:33 AM IST

തൃശൂർ: വന്യമൃഗങ്ങളിൽ നിന്ന് ആയുർവേദ ഔഷധ നിർമാണത്തിന് വിഭവങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാൻ അനുവദിക്കണമെന്ന് ആയുർവേദ ഔഷധ നിർമാതാക്കളുടെ സംഘടനയായ എ.എം.എം.ഒ.ഐ. വന്യജീവി സംരക്ഷണ നിയമ പ്രകാരം വിലക്കേർപ്പെടുത്തിയ മൃഗങ്ങളുടെ കൊമ്പുകളും സ്രവങ്ങളും മറ്റും സർക്കാർ സംവിധാനത്തിൽ ഔഷധ നിർമാണത്തിന് വിട്ടു നൽകണമെന്നാണ് ആവശ്യം. പ്രകൃതിക്ക് ദോഷമാകാതെ എങ്ങനെ വിഭവങ്ങൾ ശേഖരിക്കാമെന്നതടക്കമുള്ള പഠന റിപ്പോർട്ട് ഈ മാസം ഫാർമകോപ്പിയ കമ്മിഷന് സമർപ്പിക്കും. ചൈനയടക്കമുള്ള രാജ്യങ്ങൾ ഈ വിഭവങ്ങൾ ശേഖരിച്ച് ഔഷധ നിർമാണത്തിനായി ഉപയോഗിക്കുന്നതായി ജനറൽ സെക്രട്ടറി ഡോ. ഡി.രാമനാഥൻ പറഞ്ഞു. കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഹസ്തിദന്തമഷി, പനിക്ക് ഉപയോഗിക്കുന്ന കൊമ്പൻജാതി ഗുളിക എന്നിവ അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.