ആരുമോർത്തില്ല ! 'ജയഗീതം' നിലച്ചിട്ട് ഒരാണ്ട്

Thursday 17 April 2025 1:36 AM IST
ജയൻ(ജയവിജയ )

കോട്ടയം: സംഗീതരംഗത്തെ കോട്ടയത്തിന്റെ സ്വന്തം ജയവിജയൻമാരിലെ ജയൻ തംബുരു നിശ്ചലമാക്കി യാത്രയായിട്ട് ഒരുവർഷം. മകൻ മനോജ് കെ ജയന്റെ എഫ്.ബി പോസ്റ്റിനപ്പുറം ഓർക്കാൻ ഏറെപേരുണ്ടായില്ലെന്നത് നീതികേടായി.

ഒരു കൂടിക്കാഴ്ചയിൽ ജയൻ പറഞ്ഞു '42 വർഷം ഞാനും വിജയനും തുടർച്ചയായി ശബരിമലസന്നിധാനത്ത് പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ പാട്ട് തുടങ്ങും. ഞങ്ങളുടെ പാട്ട് കഴിഞ്ഞേ തിരുവാഭരണം ചാർത്തി ദീപാരാധനക്ക് നടതുറക്കുള്ളൂ.പാടിയതുപോലെ എന്റെ 'എല്ലാമെല്ലാം അയ്യപ്പനായതുകൊണ്ടാകാം... ശബരിമലധ്വജ പ്രതിഷ്ഠവേളയിൽ മൂലമന്ത്രം ജപിക്കാനുള്ള ഭാഗ്യമുണ്ടായത് '.

1988ൽ ഇരട്ട സഹോദരനായ കെ.ജി വിജയന്റെ അകാല മരണം തളർത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ജയൻ ആ ദു;ഖം മറന്നു വീണ്ടും പാടി. അവ അനശ്വര ഭക്തി ഗാനങ്ങളായി . രാജ്യം പത്മശ്രീ,നൽകി ആദരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിവരാസനപുരസ്ക്കാരം നൽകി. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചു.

ജനനം കോട്ടയം നാഗമ്പടത്ത് കടമ്പൂത്ര മഠത്തിൽ.ഗുരുദേവ ശിഷ്യനായ ഗോപാലൻ തന്ത്രിയാണ് ഇരട്ടകളുടെ സംഗീത വാസന മനസിലാക്കി ആറാം വയസിൽ പാട്ടു പഠിപ്പിക്കാൻ രാമൻഭാഗവതരുടെ അടുത്തെത്തിച്ചത്. സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ നിന്ന് ഗാനഭൂഷണം പാസായി. ഡോ.ബാലമുരളികൃഷ്ണയുടെയും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും വത്സല ശിഷ്യന്മാരായിരുന്നു .

ശ്രീ കോവിൽ നടതുറന്നു, "എല്ലാമെല്ലാം അയ്യപ്പൻ ,തുടങ്ങി ജയൻ സംഗീതം പകർന്ന അയ്യപ്പഭക്തിഗാനങ്ങളുടെ നിര നീളുന്നു . "രാധതൻ പ്രേമത്തോടാണോകൃഷ്ണ, " ഒരു പിടി അവലുമായ്, "ചന്ദന ചർച്ചിത,"അണിവാകചാർത്തിൽ ," ചെമ്പൈക്ക് നാദം നിലച്ചപ്പോൾ ,"നീ എന്നെ ഗായകനാക്കി...തുടങ്ങിയവ കൃഷ്ണ ഭക്തി തുളുമ്പുന്ന അനശ്വര ഗാനങ്ങളാണ് . മലയാളത്തിൽ. 19 സിനിമകൾക്കും തമിഴിൽ നാലു ചിത്രങ്ങൾക്കും ഈണം നൽകി. " " നക്ഷത്ര ദീപങ്ങൾ തിളങ്ങി ,ഹൃദയം ദേവാലയം " .തുടങ്ങിയവ നിത്യ ഹരിത ഗാനങ്ങളാണ്.

മകൻ മനോജ് കെ ജയന്റെ എഫ്.ബി പോസ്റ്റ്

വേർപാടിന്റെ ആദ്യവർഷം അച്ഛനെ സ്മരിക്കാത്ത ഒരു ദിവസം പോലും ബാക്കിയില്ല. എന്നും ഞങ്ങളോടൊപ്പം, ശക്തിയായി, ഊർജ്ജമായി,അനുഗ്രഹമായി കൂടെയുണ്ടാവും അച്ഛനെ സ്നേഹിക്കുന്ന, ആദരിക്കുന്ന,ആരാധിക്കുന്ന സജ്ജനങ്ങളുടെ പ്രാർത്ഥന കൂടി പ്രതീക്ഷിക്കുന്നു.കോടിപ്രണാമം