കൂടുമ്പോൾ ഇമ്പമുള്ളതാകട്ടെ കുടുംബം : ആത്മഹത്യ ഒന്നിനും പരിഹാരമല്ല
കോട്ടയം: ജില്ലയിൽ വർദ്ധിച്ചുവരുന്ന ആത്‌മഹത്യകളുടെ പ്രധാന കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് പൊലീസ്. ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ രണ്ട് മാസത്തിനിടെ രണ്ട് വീട്ടമ്മമാരാണ് മക്കളുമായി ആത്മഹത്യ ചെയ്തത്. മുൻപ് സാമ്പത്തിക പ്രശ്നങ്ങളായിരുന്നു ആത്‌മഹത്യകൾക്ക് പ്രധാന കാരണം. എന്നാൽ കൊവിഡിന് ശേഷം കുടുംബ പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യകൾ വർദ്ധിച്ചെന്നാണ് പൊലീസ് പറയുന്നത്.
ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളിൽ എത്തുന്ന കേസുകളിൽ പകുതിയും കുടുംബപ്രശ്നങ്ങളാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഏറ്റുമാനൂർ സ്റ്റേഷനിലാണ്. കഴിഞ്ഞ മൂന്നു മാസത്തെ 700 പരാതികളിൽ അഞ്ഞൂറോളം പരാതികൾ കുടുംബപ്രശ്നങ്ങളായിരുന്നു. പകുതിയോളം കേസുകൾ പൊലീസിന്റെ വിരട്ടലിലും ഉപേദേശത്തിലും സെറ്റിലാകുമെങ്കിൽ ബാക്കി അവശേഷിക്കും. അഞ്ചു മുതൽ 20 ശതമാനം വരെ വിവാഹമോചനത്തിലേക്കും നീളാം.
പ്രധാന പ്രശ്നങ്ങൾ ഗൃഹനാഥൻമാരുടെ മദ്യപാനം, ശാരീരിക ഉപദ്രവം
അവിഹിതം, സംശയം, ഈഗോ
കുടുംബം നോക്കാത്ത അവസ്ഥ
വൈറലായി എസ്.എച്ച്.ഒയുടെ കുറിപ്പ് ആത്മഹത്യകൾ വർദ്ധിക്കുന്നതിനിടെ ഏറ്റുമാനൂർ എസ്.എച്ച്.ഒ. എ.എസ്. അൻസലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അടുത്തയിടെ അമ്മയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ രണ്ടു കേസുകളും എത്തിയത് ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിലായിരുന്നു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ 2025 ജനുവരി 1മുതൽ മാർച്ച് 30 വരെ 700 പരാതികൾ. ഇതിൽ 10ശതമാനത്തോളം പേർ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ്. ഒപ്പിടാൻ വന്നില്ലെങ്കിൽ അവരെ വിളിച്ചു ചോദിക്കും. എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തിയാണ് ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസുകാർ 100കണക്കിന് ആത്മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ 2 മാസം മുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് പോസ്റ്റുമോർട്ടം ടേബിളിൽ പെറുക്കി വെച്ച് നടത്തുമ്പോൾ എന്റെ മക്കളുടെ മുഖങ്ങൾ മനസിൽ വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. യാന്ത്രികമായി ആ ജോലി കഴിഞ്ഞു. വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും. രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ..