ട്രംപിന് മറുപടി --- ഭീഷണി നിറുത്തൂ,​ യുദ്ധത്തെ ഭയമില്ല: ചൈന

Thursday 17 April 2025 5:34 AM IST

ബീജിംഗ്: തീരുവയുടെ പേരിൽ ഭയപ്പെടുത്തലും ബ്ലാക്ക് മെയിലിംഗും നിറുത്താൻ യു.എസിനോട് ആവശ്യപ്പെട്ട് ചൈന. വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ, ചർച്ചാ മേശയിലേക്ക് ആദ്യം എത്തേണ്ടത് ചൈന ആണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.

'ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ യു.എസ് ശരിക്കും ആഗ്രഹിക്കുന്നെങ്കിൽ, തീവ്രമായ സമ്മർദ്ദം ചെലുത്തുന്നത് അവർ അവസാനിപ്പിക്കണം. തുല്യത, ബഹുമാനം, പരസ്‌പര നേട്ടം എന്നിവ അടിസ്ഥാനമാക്കി വേണം ചൈനയോട് സംസാരിക്കാൻ. ചൈനയുടെ നിലപാട് വളരെ വ്യക്തമാണ്. വ്യാപാര യുദ്ധത്തിൽ വിജയികളില്ല. ചൈന യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ, യുദ്ധം ചെയ്യാൻ ഭയവുമില്ല. " - ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു.

പന്ത് ചൈനയുടെ കോർട്ടിലാണെന്നും ചൈന യു.എസുമായി ഒരു കരാറിൽ ഏർപ്പെടേണ്ടതുണ്ടെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയത്. യു.എസിന് ചൈനയുമായി കരാറിലെത്തേണ്ട ആവശ്യമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

ചൈനീസ് ഇറക്കുമതികൾക്ക് 145 ശതമാനം പകരച്ചുങ്കമാണ് ട്രംപ് ഏർപ്പെടുത്തിയത്. തിരിച്ചടിയായി 125 ശതമാനം തീരുവ ചൈനയും ചുമത്തി. ട്രംപിന്റെ തീരുവ യുദ്ധം ഏറ്റവും കൂടുതൽ പ്രഹരമേൽപ്പിച്ചതും ചൈനയ്ക്കാണ്.

 തീരുവ 245 ശതമാനം വരെ!​

വൈറ്റ് ഹൗസ് ഇന്നലെ പുറത്തുവിട്ട പട്ടിക പ്രകാരം യു.എസിലെ ചില ചൈനീസ് ഇറക്കുമതികൾക്ക് 245 ശതമാനം വരെ തീരുവ നൽകണം. ചൈനയ്ക്കുള്ള തീരുവ ട്രംപ് ഒറ്റയടിക്ക് 245 ശതമാനമാക്കിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, മുൻ സർക്കാരുകൾ ചുമത്തിയത് അടക്കം ഒരു ഉത്പന്നത്തിന് ഏർപ്പെടുത്തിയ ആകെ തീരുവ നിരക്കാണിത്. അതായത്,​ ചൈനീസ് സിറിഞ്ചുകൾക്കും സൂചികൾക്കും 245 ശതമാനം തീരുവ ഈടാക്കും. ഇതിൽ,​ 145 ശതമാനം ട്രംപ് ഏർപ്പടുത്തിയതാണ്. 100 ശതമാനം 2024ൽ ജോ ബൈഡൻ ചുമത്തിയതാണ്.