സംഘർഷം നിറയുന്ന ലോകവും ട്രംപും
ലോകം വീണ്ടും സംഘർഷഭരിതമാവുകയാണ്. ഗാസ, യുക്രെയിൻ യുദ്ധങ്ങൾ വെടിനിറുത്തലിന് വഴങ്ങാതെ ശക്തിപ്രാപിക്കുന്നു. ലോകരാജ്യങ്ങൾക്ക് മേൽ തീരുവകൾ ചുമത്തിയും ഭീഷണി മുഴക്കിയും യു.എസിന്റെ വ്യാപാര യുദ്ധം. ഇതിലെല്ലാം സർവവ്യാപിയായി ഒരാൾ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പകരച്ചുങ്കത്തിലൂടെ സമ്മർദ്ദം സൃഷ്ടിച്ച് വ്യാപാര ബന്ധമുള്ള രാജ്യങ്ങളെയെല്ലാം യു.എസിന്റെ ട്രാക്കിലാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. യു.എസ് ചൈനയുമായി തുറന്ന പോരാട്ടത്തിലാണ്. ചൈനീസ് ഇറക്കുമതികൾക്ക് 145 ശതമാനം പകരച്ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചത്. തിരിച്ചടിയായി 125 ശതമാനം തീരുവ ചൈനയും ചുമത്തി. ട്രംപിന്റെ തീരുവ യുദ്ധം ആഗോള വിപണിയെ വിറപ്പിച്ചു. എല്ലാം യു.എസിന്റെ നല്ല ഭാവിക്കെന്ന് ട്രംപ് പറയുന്നു. ഫലം കാത്തിരുന്ന് കാണാം.
ഗാസയിലും യുക്രെയിനിലും വെടിനിറുത്തലിനായി യു.എസ് സജീവമായി ഇടപെടുന്നുണ്ട്. ഗാസയിൽ ആറാഴ്ച നീണ്ട വെടിനിറുത്തൽ മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു. ഇസ്രയേലിന്റെ പൂർണ പിന്മാറ്റം അടങ്ങുന്ന രണ്ടാം ഘട്ട വെടിനിറുത്തൽ നടപ്പാക്കാനായിട്ടില്ല. പിന്മാറ്റത്തിന് ഇസ്രയേൽ തയ്യാറല്ലാത്തതാണ് കാരണം. ആക്രമണം ശക്തമാക്കി ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രയേലിന്റെ ശ്രമം.
യു.എസിന്റെ പിന്തുണയുമുണ്ട്. ഗാസയെ ഇസ്രയേൽ ഏറ്റെടുത്ത് യു.എസിന് കൈമാറുമെന്നും പാലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റി ഗാസയെ യു.എസ് പുനർനിർമ്മിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഗാസയിലെ മരണം 60,000ത്തോട് അടുക്കുന്നു.
ഇതിനിടെ, ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന് ആണവ കരാറിലൂടെ പൂട്ടിടാനാണ് യു.എസ് ശ്രമം. ഇറാൻ-യു.എസ് പരോക്ഷ ആണവ ചർച്ച തുടങ്ങി. ഇറാൻ ആണവ പദ്ധതി പൂർണമായും ഉപേക്ഷിച്ചില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറയുന്നു. ആണവ പദ്ധതി പരിമിതപ്പെടുത്താൻ ഇറാൻ തയാറായേക്കും. എന്നാൽ പൂർണമായും ഇല്ലാതാക്കാൻ ഒരുക്കമല്ല. മിഡിൽ ഈസ്റ്റിൽ മറ്റൊരു സംഘർഷത്തിന് ഇത് കാരണമാകുമോ എന്ന് ആശങ്കയുണ്ട്.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മുന്നിൽ ട്രംപിന്റെ അടവുകളൊന്നും ഏൽക്കുന്നില്ല. ഞായറാഴ്ച യുക്രെയിനിലെ സുമിയിൽ റഷ്യൻ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 30ലേറെ പേർ കൊല്ലപ്പെട്ടു.
യുദ്ധ പരിഹാരത്തിന് ട്രംപിന്റെ പ്രതിനിധി പുട്ടിനുമായി മോസ്‌കോയിൽ ചർച്ച നടത്തിയ പിന്നാലെയായിരുന്നു ആക്രമണം. റഷ്യക്ക് മേൽ ഉപരോധം കടുപ്പിക്കുമെന്ന് ട്രംപ് മുമ്പ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, പഴയ കെ.ജി.ബി ചാരനായ പുട്ടിൻ അത് കേട്ട് വിറയ്ക്കില്ല.എന്നാൽ ട്രംപും പുട്ടിനും തമ്മിലൊരു അന്തർധാരയുണ്ടെന്ന വർത്തമാനം പണ്ടേയുണ്ടുതാനും.
യുക്രെയിന്റെ നാറ്റോ പ്രവേശനം ഉപേക്ഷിക്കണം, പിടിച്ചെടുത്ത നാല് പ്രവിശ്യകൾ വിട്ടുനൽകില്ല തുടങ്ങിയ ഡിമാൻഡുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് യുദ്ധം നിറുത്തുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. വെടിനിറുത്തലെങ്കിലും സാദ്ധ്യമാക്കണമെങ്കിൽ റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടേ മതിയാകൂ. ഇതിനാൽ, യുദ്ധത്തിന് വഴിയൊരുക്കിയെന്ന പേരിൽ യുക്രെയിനെ വീണ്ടും കുറ്റപ്പെടുത്തുകയാണ് ട്രംപ്.