ഹാർവർഡ് മാപ്പ് പറയണം: വൈറ്റ് ഹൗസ്

Thursday 17 April 2025 5:43 AM IST

വാഷിംഗ്ടൺ: ഹാർവർഡ് സർവകലാശാല യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് മാപ്പ് പറയണമെന്ന് വൈറ്റ് ഹൗസ്. ഹാർവർഡ് സർവകലാശാലയ്ക്കുള്ള പ്രതിവർഷ സാമ്പത്തിക സഹായമായ 220 കോടി ഡോളർ യു.എസ് സർക്കാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു വൈറ്റ് ഹൗസ്.

ക്യാമ്പസിലെ ജൂത വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനായി ട്രംപ് ആവിഷ്കരിച്ച നിർദ്ദേശങ്ങൾ ഹാർവർഡ് തള്ളിയിരുന്നു. തുടർന്ന് ഹാർവർഡിനുള്ള നികുതി ഇളവ് റദ്ദാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഹാർവർഡിനെ മാന്യമായ പഠന സ്ഥലമായി കണക്കാക്കാൻ കഴിയില്ലെന്നും ലോകത്തെ ഏ​റ്റവും മികച്ച സർവകലാശാലകളുടെയോ കോളേജുകളുടെയോ പട്ടികയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഹാർവർഡ് ഒരു തമാശയായി മാറിയെന്നും വെറുപ്പും മണ്ടത്തരവുമാണ് അവിടെ പഠിപ്പിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ജൂത വിരുദ്ധത ഇല്ലാതാക്കാൻ, സർവകലാശാലയുടെ ഭരണ-പ്രവേശന രീതികളിൽ മാറ്റം വരുത്തണമെന്നും വിദേശ വിദ്യാർത്ഥികളുടെ ഇമിഗ്രേഷൻ പരിശോധനകൾക്ക് ഫെഡറൽ ഏജൻസികളുമായി സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ബൈഡൻ ഭരണകൂടത്തിന്റെ അവസാന നാളുകളിൽ ഹാർവർഡ് അടക്കം സർവകലാശാലകളിൽ ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കുന്നുണ്ട്.