സ്‌പാനിഷ് സ്‌കൂളുകളിൽ പഴങ്ങളും പച്ചക്കറികളും നിർബന്ധം
മാഡ്രിഡ്: കുട്ടികളിലെ അമിത വണ്ണവും അനാരോഗ്യവും തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ സ്കൂളുകളിലും പഴങ്ങളും പച്ചക്കറികളും ഉച്ചഭക്ഷണത്തിൽ നിർബന്ധമാക്കണമെന്ന് സ്‌പെയിൻ. ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യവും നൽകണം. കുട്ടികളിൽ വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ നിർദ്ദേശങ്ങൾ എല്ലാ സ്കൂളുകൾക്കും നിയമപരമായി ബാധകമായിരിക്കും.
ഈ ആഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം സ്കൂളുകളിൽ സസ്യാഹാരം നിർബന്ധമാകും. സ്കൂളുകളിൽ 5 ശതമാനത്തിലേറെ പഞ്ചസാരയുടെ അംശമുള്ള പാനിയങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ പാടില്ല. കഫീൻ, ഉപ്പ്, ഫാറ്റ് എന്നിവയ്ക്കും നിശ്ചിത പരിധി തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ അടുക്കളയിൽ തയ്യാറാക്കാത്ത പിസ, പൈ എന്നിവ മാസത്തിൽ ഒരിക്കൽ നൽകാം. വറുത്ത ഭക്ഷണ സാധനങ്ങൾ ഒലിവ്, സൺഫ്ലവർ ഓയിലുകളിൽ വേണം തയ്യാറാക്കാൻ.
പച്ചക്കറികളും ഒലിവ് ഓയിലും ഉൾപ്പെടുത്തിയ മെഡിറ്ററേനിയൻ ഡയറ്റിന് പ്രസിദ്ധമാണ് സ്‌പെയിൻ. എന്നാൽ ആറ് മുതൽ ഒമ്പത് വയസ് വരെ പ്രായമുള്ള 40 ശതമാനത്തിലേറെ സ്‌പാനിഷ് കുട്ടികൾക്കും ശുപാർശ ചെയ്യപ്പെട്ട ഭാരത്തേക്കാൾ കൂടുതലുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പക്കുന്നത്. ഇതിൽ 17.3 ശതമാനം പേർക്ക് അമിത വണ്ണമായി കണക്കാക്കുന്നു. യൂറോപ്യൻ യൂണിയനിൽ അമിതവണ്ണ നിരക്കിൽ ആറാം സ്ഥാനത്താണ് സ്പെയിൻ.