ഇരുട്ടിൽ മുങ്ങി പോർട്ടോ റിക്കോ

Thursday 17 April 2025 5:44 AM IST

സാൻ ഹ്വാൻ: പോർട്ടോ റിക്കോയിലെ ജനങ്ങൾക്ക് വീണ്ടും 'ഇരുട്ടടി" നൽകി വൈദ്യുതി തകരാർ. ഇന്നലെ ദ്വീപിലുടനീളമുള്ള ഊർജ്ജ പ്ലാന്റുകൾ അപ്രതീക്ഷിതമായി പ്രവർത്തന രഹിതമായതോടെ വൈദ്യുതി വിതരണം തടസപ്പെടുകയായിരുന്നു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12.40ഓടെയാണ് വൈദ്യുതി വിതരണം തകരാറിലായത്. പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഊർജ്ജ പ്ലാന്റുകൾ നിലയ്ക്കാനുള്ള കാരണം അന്വേഷിക്കുകയാണെന്നും ഊർജ്ജ ഉത്പാദകരായ ജനേറ അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളിലെ അഭാവം മൂലം വൈദ്യുതി വിതരണം തടസപ്പെടുന്നത് പോർട്ടോ റിക്കോയിൽ പതിവായിരിക്കുകയാണ്. പുതുവർഷ തലേന്ന് പ്രധാന ഊർജ്ജ വിതരണക്കാരായ ലൂമ എനർജിയുടെ 15 ലക്ഷത്തോളം ഉപഭോക്താക്കളിൽ 90 ശതമാനം പേരും ഇരുട്ടിലാണ് കഴിഞ്ഞത്. പ്രധാന പവർ പ്ലാന്റായ കോസ്റ്റ സറിലെ ഇലക്ട്രിക് ലൈനിലുണ്ടായ തകരാറാണ് അന്ന് പ്രതിസന്ധിയിലേക്ക് നയിച്ചത്.