റീൽസെടുക്കാൻ ഗംഗാ നദിയിൽ ഇറങ്ങിയ യുവതി  ഒഴുക്കിൽപെട്ടു; തെരച്ചിൽ

Thursday 17 April 2025 11:23 AM IST

ഡെറാഡൂൺ: ഗംഗാ നദിയിൽ നിന്ന് വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ഒഴുക്കിൽപെട്ടു. ഏപ്രിൽ 15ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം നടന്നത്. മണികർണിക ഘട്ടിന് സമീപം യുവതി ഒരു റീൽ വീഡിയോ എടുക്കാനായി ഗംഗാ നദിയിലേക്ക് ഇറങ്ങി. നദിയിലേക്ക് ഇറങ്ങി അവിടെ നിന്ന് പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി യുവതി വെള്ളത്തിൽ വീഴുന്നതും വീഡിയോയിൽ കാണാം.

കെെ മാത്രം വെള്ളത്തിന് പുറത്തിട്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ എടുക്കുന്ന കുട്ടി നിലവിളിക്കുന്നുമുണ്ട്. സംഭവത്തിന്റെ 16 സെക്കൻഡ് ദെെർഷ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പങ്കുവച്ച വീഡിയോയിൽ യുവതി മരിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.

സംഭവം നടന്നതിന് പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ സേനയും ലോക്കൽ പൊലീസും സ്ഥലത്തെത്തി യുവതിയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. യുവതിയ്ക്ക് 20നും 25നും ഇടയിൽ പ്രായമുണ്ടെന്നാണ് അധികൃതർ പറയുന്നത്.