5000 ഉറുമ്പുകളെ കടത്തിയ ചെറുപ്പക്കാർ അറസ്റ്റിൽ,​ മൂല്യം ആറ് ലക്ഷത്തിലധികമെന്ന് അധികൃതർ

Thursday 17 April 2025 4:02 PM IST

നയ്‌റോബി: 5000 ഉറുമ്പുകളെ കടത്തിയ ചെറുപ്പക്കാർ അറസ്റ്റിൽ. കെനിയയിൽ രണ്ട് ബെൽജിയൻ യുവാക്കളാണ് ടെസ്റ്റ് ട്യൂബുകളിലായി ഉറുമ്പുകളെ കടത്തിയതിന് വന്യജീവി നിയമപ്രകാരം അറസ്റ്റിലായത്. സൂക്ഷ്മ ജീവികളെയും അധികം അറിയപ്പെടാത്തതുമായ ജീവികളെയും കടത്തുന്നത് ഇപ്പോൾ ട്രെൻഡ് ആവുകയാണെന്ന് കെനിയൻ അധികൃതർ പറഞ്ഞു.

19 വയസുകാരായ ലോർണോയ് ഡേവിഡ്, സെപ്പെ ലൊഡേവിഡിക്‌സ് എന്നിവരാണ് അറസ്റ്റിലായത്. വിവിധ ദേശീയ പാ‌ർക്കുകളുള്ള നകുരു കൗണ്ടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ നിന്നാണ് ടെസ്റ്റ് ട്യൂബുകളിലാക്കിയ നിലയിൽ ഉറുമ്പുകളെ കണ്ടെത്തിയത്. 2244 ടെസ്റ്റ് ട്യൂബുകളിലായാണ് ഉറുമ്പുകളെ സൂക്ഷിച്ചിരുന്നത്. ഉറുമ്പുകൾ ജീവനോടെ ഉണ്ടായിരിക്കാൻ കുപ്പികൾക്കകത്ത് പഞ്ഞിയും വച്ചിരുന്നു.

പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. വിനോദത്തിനായാണ് ഉറുമ്പുകളെ പിടികൂടിയതെന്നും നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നുമാണ് ഇവർ മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. അതേദിവസം തന്നെ 400 ഉറുമ്പുകളെ കൈവശം വച്ചതിന് കെനിയൻ സ്വദേശി ഡെന്നിസ് എൻഗാംഗയും വിയറ്റ്‌നാമീസ് സ്വദേശി ഡഹ് ഹംഗ് ഗ്യുയേനും അറസ്റ്റിലായിരുന്നു. നയ്‌റോബിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നാലുപേരിൽ നിന്നായി പിടിച്ചെടുത്ത മൊത്തം ഉറമ്പുകളുടെ മൂല്യം 7700 ഡോളർ (ആറ് ലക്ഷത്തിലധികം രൂപ) ആണെന്ന് അധികൃതർ വ്യക്തമാക്കി.

ഉറുമ്പുകളെ യൂറോപ്പിലേയ്ക്കും ഏഷ്യയിലേയ്ക്കുമാണ് കയറ്റി അയച്ചിരുന്നത്. ഈസ്റ്റ് ആഫ്രിക്കയിൽ മാത്രം കാണുന്ന തരത്തിലെ ഉറുമ്പുകളും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ ആന,​ റൈനോ,​ പാംഗോളിൻസ് തുടങ്ങിയ വലിപ്പമുള്ള വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കടത്തുന്നത് കെനിയയിൽ വ്യാപകമായിരുന്നു.