അപകടം ചുറ്റിക്കറങ്ങുന്ന കണമല അട്ടിവളവ്.... വീശിയെടുക്കരുത് മരണത്തിലേക്ക്
എരുമേലി : കുത്തനെയുള്ള ഇറക്കം, കൊടുംവളവ്...സുരക്ഷാ സംവിധാനങ്ങൾ നിരവധിയൊരുക്കിയിട്ടും കണമല അട്ടിവളവിലെ അപകടങ്ങൾക്ക് കടിഞ്ഞാണിടാനാകാതെ അധികൃതർ. ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് ബസ് മറിഞ്ഞ് 6 ഭക്തർക്കാണ് പരക്കേറ്റത്. കഴിഞ്ഞ ദിവസം തീർത്ഥാടക ബസ് മറിഞ്ഞ് ഒരാൾ മരിച്ചതാണ് ഒടുവിലത്തെ അപകടം. 2009 ഫെബുവരി 17 നായിരുന്നു നാടിനെ നടുക്കിയ ആദ്യ അപകടം. ആന്ധ്രയിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 ജീവനാണ് പൊലിഞ്ഞത്. 36 പേർക്ക് പരിക്കേറ്റു. 2010 ജനുവരി 12നുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതലേറെയും. അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്ന് ഐ.ജിയായിരുന്ന ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണകമ്മിഷനെ നിയമിച്ചിരുന്നു. റോഡ് വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് റപ്പോർട്ടും നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. കണമലയിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റോഡിൽ പത്തുമീറ്റർ ഇടവേളയിൽ കട്ടിയുള്ള മാർക്കിംഗ് ഒരുക്കിയെങ്കിലും ഫലം കാണുന്നില്ല.
സമാന്തരപാതയുടെ കോലം കണ്ടോ
കണമലയിലെ അപകടം കുറയ്ക്കാൻ കീരത്തോടുവഴി എരുത്വാപ്പുഴമുതൽ കണമലവരെ നിർമ്മിച്ച സമാന്തരറോഡ് ഗതാഗതയോഗ്യമാക്കണമെന്നാണാവശ്യം ശക്തമാണ്. 2015 ൽ നിർമ്മിച്ച 2.5 കലോമീറ്റർ ദൈർഘ്യംവരുന്ന റോഡിന്റെ ഒരുഭാഗം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. റോഡിന്റെ 600 മീറ്റർ തീർത്തും സഞ്ചാരയോഗ്യമല്ല. ഗ്രാമീണറോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് 6.3 കോടി രൂപ ചെലവിൽ നന്നാക്കിയതാണ്. അടുത്ത സീസണിനുമുമ്പ് റോഡ് നന്നാക്കിയാൽ വൺവേയായി ഉപയോഗിക്കാമെന്നും മോട്ടോർവാഹനവകുപ്പ് റപ്പോർട്ടിലുണ്ട്. കണ്ണിമല മഠംപടിയിൽ കൊടുംവളവ് നികത്തണമെന്നും പറയുന്നു.
ബലമില്ലാത്ത ക്രാഷ് ബാരിയർ അട്ടിവളവിൽ ഉൾപ്പെടെ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നതിൽ അപാകതയുണ്ടെന്നാണ് ആക്ഷേപം. പലിയിടങ്ങളിലും ഊരിമാറിയ നിലയിലാണ്. അപകടമുണ്ടായാൽ ഇതിൽതട്ടി വാഹനം നിൽക്കുമെന്ന് ഒരുറപ്പുമില്ല. ചെറിയതാഴ്ചയിലാണ് ഇവ ഉറപ്പിച്ചിരിക്കുന്നത്. അപകടവളവുകൾ നികത്തുമെന്ന അധികൃതരുടെ വാഗ്ദാനവും പൊള്ളയായി. റോഡുകൾക്ക് വീതി കൂട്ടണമെന്ന ശുപാർശയും നടപ്പായില്ല.
രണ്ടുവർഷത്തെ കണക്ക്
കണമല ഭാഗത്ത് : അപകടം 32, മരണം 5
കണ്ണിമല വളവ് : അപകടം 4 , മരണം 2
ഇതുവരെ പൊലിഞ്ഞത് : 30 ജീവൻ
''അട്ടിവളവിലും മുണ്ടക്കയം റോഡിലെ കണ്ണിമല ഇറക്കത്തിലും അപകടങ്ങൾ ഉണ്ടാകാതെ ഒരു മണ്ഡലമകരവിളക്ക് കാലവും കടന്നുപോയിട്ടില്ലെന്നതാണ് സ്ഥിതി. വേഗത്തിലെത്തുന്ന വാഹനങ്ങൾ കണ്ണിമല ഇറക്കത്തിലെ വളവിൽ തിരിയാനാകാതെ നിയന്ത്രണം നഷ്ടപ്പെടുകയാണ്.
പ്രദേശവാസികൾ