ആധുനിക അറവുശാല അടഞ്ഞുതന്നെ...,​ നല്ല ഇറച്ചി കഴിക്കാൻ ഇനി എത്രനാൾ കാത്തിരിക്കണം

Friday 18 April 2025 12:47 AM IST

കോട്ടയം : മൂന്നുകോടി മുടക്കി നിർമ്മിച്ചതാണ്. ഉദ്ഘാടനവും കെങ്കേമമായി നടത്തി. പക്ഷെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല. ഇതോടെ നാശത്തിന്റെ വക്കിലാണ് കോടിമതയിലെ ആധുനിക അറവുശാല. ഈസ്റ്റർ അടുത്തിട്ടും തുറക്കാൻ നടപടിയില്ലാതായതോടെ നല്ല ഇറച്ചി കഴിക്കാനുള്ള നഗരവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്.

അത്യാധുനിക യന്ത്രങ്ങളടക്കം തുരുമ്പെടുക്കാൻ തുടങ്ങി. തറയോടുകൾ പൊളിഞ്ഞും കെട്ടിടത്തിലെ സ്റ്റെപ്പുകൾ അടർന്നു മാറിയ നിലയിലുമാണ്. പച്ചക്കറിച്ചന്തയ്ക്ക് സമീപം 30 സെന്റ് സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ ഉടൻ പൂട്ടുവീണു. വേദന അറിയിക്കാതെ ബോധരഹിതമാക്കി കശാപ്പ് ചെയ്യുക. ആന്തരികാവയവങ്ങൾ വെറ്ററിനറി ഡോക്ടറും ഹെൽത്ത് ഇൻസ്‌പെക്ടറും പരശോധിക്കും. മാംസാവശിഷ്ടങ്ങളും മറ്റും തറയിൽ വീണ് മലിനമാകുന്ന അവസ്ഥ ഒഴിവാക്കാനുള്ള സംവിധാനം. മാലിന്യവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിന് ജലശുദ്ധീകരണ പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും നഗരസഭ നിസംഗത തുടരുകയാണ്.

ലൈസൻസുള്ളത് വിരലിലെണ്ണാവുന്നത്

ജില്ലയിൽ ലൈസൻസുള്ള അറവുശാലകൾ വിരലിൽ എണ്ണാവുന്നതേയുള്ളൂ. നൂറോളം അറവുശാലകളും ഞായറാഴ്ചകളിൽ അതിന്റെ ഇരട്ടിയും തുറക്കുന്നുണ്ട്. വഴിയരികിൽ മാടിനെ അറുത്ത് താത്കാലിക സ്റ്റാളുകളുണ്ടാക്കിയാണ് വില്പന. ഭൂരിഭാഗം ഇടങ്ങളിലും വൃത്തി ഏഴയലത്തില്ല. മാലിന്യ സംസ്‌കരണത്തിന് മാർഗമില്ല. അറവുമാടുകളെ വെറ്ററിനറി സർജൻ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നത് ചട്ടത്തിൽ മാത്രമൊതുങ്ങി. മാംസം തൂക്കിയിട്ട് പ്രദർശിപ്പിക്കുന്നതും തുടരുകയാണ്. അറവുശാലയുടെ പിന്നിലെ തുറസായ സ്ഥലത്ത് മാടുകളെ അറത്തും തലയ്ക്കടിച്ചും കൊല്ലുന്നത് കാണാം. രോഗം ബാധിച്ചതോ ചത്തതോ ആയ മാടുകളുടെ ഇറച്ചി വിൽക്കാൻ കഴിയില്ലെങ്കിലും ഇതെല്ലാം ലംഘിക്കുകയാണ്.

''ഈ വർഷം ആദ്യം മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു. കഴിഞ്ഞ മാസം നടന്ന കൗൺസിലിൽ വിഷയം അജണ്ടയായി നിശ്ചയിച്ചെങ്കിലും സമയപരിമിതിയിൽ ചർച്ചയ്ക്കെടുത്തില്ല. അറവുശാല എന്ന് തുറക്കാൻ കഴിയുമെന്ന കാര്യം ആരോഗ്യ സ്ഥിരം സമിതിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

(ബിൻസി സെബാസ്റ്റ്യൻ, നഗരസഭാദ്ധ്യക്ഷ)

ഉദ്ഘാടനം കഴിഞ്ഞത് : 2020

നിർമ്മാണ ചെലവ് : 3 കോടി