ഈ ട്രെയിനിലെ മെനുവില്‍ ഇനി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കില്ല; ഓര്‍ഡര്‍ ചെയ്യാനാകുക സസ്യാഹാരം മാത്രം

Thursday 17 April 2025 7:32 PM IST

ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട ഭക്ഷണം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം എന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. ചിക്കനും മീനും മുട്ടയും ഉള്‍പ്പെടെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും സസ്യാഹരവും എന്ന ഓപ്ഷന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ സെലക്ട് ചെയ്യാന്‍ സൗകര്യമുണ്ട്. എന്നാല്‍ രാജ്യത്തെ ഒരു വന്ദേഭാരത് ട്രെയിനില്‍ മാത്രം ഇനി മുതല്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കില്ല. ന്യൂഡല്‍ഹി - കത്ര വന്ദേഭാരത് എക്‌സ്പ്രസിലാണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം മെനുവില്‍ നിന്ന് പുറത്തായിരിക്കുന്നത്.

സ്വാതിക് ട്രെയിന്‍ എന്നാണ് ഈ ട്രെയിനിനെ യാത്രക്കാര്‍ വിശേഷിപ്പിക്കുന്നത്. വെജ്- നോണ്‍ വെജ് ഭക്ഷണം ഇടകലര്‍ത്തി നല്‍കുന്നത്, ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തില്‍ ചിലര്‍ ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് പൂര്‍ണ വെജ് ഫുഡുമായി ഒരു ട്രെയിന്‍ എത്തുന്നത്. ഇന്ത്യയില്‍ സസ്യാഹാരം മാത്രം ലഭിക്കുന്ന ആദ്യത്തെ ട്രെയിന്‍ എന്ന വിശേഷണവും ന്യൂഡല്‍ഹി - കത്ര റൂട്ടില്‍ ഓടുന്ന ഈ പ്രീമിയം ട്രെയിനിന് സ്വന്തമായിരിക്കുകയാണ്.

ട്രെയിനിന് ഉള്ളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാത്രമല്ല വീടുകളില്‍ നിന്നും പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവരുന്ന യാത്രക്കാര്‍ക്കും മാംസാഹാരം കൊണ്ടുവരാന്‍ അനുവാദമില്ലെന്നതാണ് മറ്റൊരു കാര്യം. ഇതോടെ ഇത് ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സംഘപരിവാര്‍ അജണ്ടയുടെ നടപ്പാക്കലാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഐആര്‍സിടിയിയും 'സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ'യും തമ്മിലുള്ള കരാര്‍ പ്രകാരം ഈ ട്രെയിന്‍ ഔദ്യോഗികമായി പൂര്‍ണ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.

കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരാണ് ഈ ട്രെയിനിനെ കൂടുതലും ആശ്രയിക്കുന്നതെന്നും അവരാരും മാംസാഹാരം ഈ യാത്രയില്‍ ഉപയോഗിക്കുന്നവരല്ലെന്നുമാണ് തീരുമാനത്തെ ന്യായീകരിച്ച് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്ന വിശദീകരണം.