കാർ ബസിലും ബൈക്കിലും ഇടിച്ച് നാലുപേർക്ക് പരിക്ക്
തലയോലപ്പറമ്പ് : കാർ അന്തർസംസ്ഥാന ബസിലും, ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ ദമ്പതികൾ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. നീർപ്പാറ അസീസ് മൗണ്ടിന് സമീപം കലുങ്ക് ജങ്ഷനിൽ ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അപകടം. നീണ്ടൂർ പ്രാവട്ടം ചക്രംപടി സ്വദേശിയും ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബിജു (55). ഭാര്യ റാണി (50), ബസ് ഡ്രൈവർ മഹേഷ് (39), ബൈക്ക് യാത്രക്കാരൻ മാഞ്ഞൂർ ചാമക്കാല പ്ലാപ്പറമ്പിൽ സിബിൻ ചക്കോ (43) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പാലക്കാട് നിന്ന് വരികയായിരുന്ന കാർ മുന്നിൽപ്പോയ ബൈക്കിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബസിലിടിച്ചശേഷം പിന്നാലെയെത്തിയ ബൈക്കിലും വൈദ്യുതത്തൂണിലും ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ് - എറണാകുളം റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.